തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തില്‍ ചര്‍ച്ച നടന്നെന്ന വാര്‍ത്ത നിഷേധിച്ച് ബിജെപി. ബിജെപി കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാര്‍ത്ത പിന്‍വലിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ആവശ്യപ്പെട്ടു.
ഇന്ന് നടന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് സിനിമയുടെ സെന്‍സറിങ്ങില്‍ സെന്‍സര്‍ ബോര്‍ഡിലെ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വീഴ്ച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. സെന്‍സര്‍ ബോര്‍ഡില്‍ ബിജെപി പ്രതിനിധികളില്ലെന്ന് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
സിനിമയുടെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച നടന്‍ മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണെന്ന് യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും നിലപാടെടുത്തു. എമ്പുരാനെതിരെ പ്രചാരണം വേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ചര്‍ച്ച നടന്നില്ലെന്ന് ബിജെപി നേതാവ് വിശദീകരണ കുറിപ്പിറക്കിയത്.