/kalakaumudi/media/media_files/2025/05/17/3Yt86HH0D8lLEPzqaTO3.png)
തിരുവനന്തപുരം: ഇഡിയുടെ പേരിലെ പണപ്പിരിവില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്. തട്ടിപ്പില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് വിജിലന്‍സ്. പരാതിക്കാരനായ വ്യവസായിക്ക് മുഖ്യപ്രതി പറഞ്ഞ സമയത്ത് ഇഡിയില്‍ നിന്ന് സമന്‍സ് കിട്ടിയതിന് പിന്നില്‍ അസ്വാഭാവികത ഉണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്. മുഖ്യപ്രതി വില്‍സന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചാര്‍ട്ടേഡ് അകൗണ്ടന്റും മുംബൈയിലെ വ്യവസായിയും സംശയത്തിന്റെ നിഴലിലാണ്. മൂന്ന് തട്ട് ഇടനിലക്കാര്‍ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അറസ്റ്റിലായവര്‍ സംസ്ഥാനാന്തര സംഘത്തിലെ കണ്ണികളെന്നും സംശയമുണ്ട്. പ്രതികള്‍ മുമ്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തും. കേസിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് ഇഡിയും.
കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരാണ് എറണാകുളത്ത് വിജിലന്‍സിന്റെ പിടിയിലായിത്. രണ്ട് കോടി രൂപയാണ് വ്യാപാരിയില്‍ നിന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ മുന്‍കൂറായി കൈമാറുമ്പോഴാണ് വിജിലന്‍സ് ഇരുവരെയും പിടികൂടിയത്. വ്യാപാരിക്കെതിരായ ഇഡി കേസിനെ കുറിച്ച് പ്രതികള്‍ എങ്ങനെ അറിഞ്ഞു എന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് എസ്പി പറഞ്ഞു.
കൊവിഡ് കാലത്താണ് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇഡി കേസു വരുന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വില്‍സണ്‍ വ്യാപാരിയെ സമീപിക്കുന്നത്. 2 കോടി നല്‍കിയാല്‍ ഇഡി കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. 2 ലക്ഷം രൂപ പണമായി നല്‍കണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. പനമ്പിള്ളി നഗറില്‍ പണം കൈമാറുമ്പോള്‍ വിജിലന്‍സ് പിടികൂടി. വില്‍സനെ ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി കൊച്ചിയില്‍ താമസമാക്കിയ രാജസ്ഥാന്‍ സ്വദേശി മുരളിക്കും ഇതില്‍ പങ്കുണ്ടെന്നും അറിയുന്നത്.
കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവര്‍ അറിഞ്ഞു എന്നതിലാണ് ദുരൂഹത. ഇരുവരും ചേര്‍ന്ന് നേരത്തേയും പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ടോ എന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്. വില്‍സന്റെ അക്കൗണ്ടില്‍ വലിയ തുക ഉണ്ടെന്നും സംശയിക്കതക്ക ഇടപാടുകള്‍ അക്കൗണ്ട് വഴി നടന്നതായും വിജിലന്‍സിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വരും ദിവസങ്ങളില്‍ ഉണ്ടാകും. പിടിലിലായ രണ്ട് പേരും ഇടനിലക്കാര്‍ മാത്രമാണോയെന്നും വന്‍ ശൃംഖല പിന്നിലുണ്ടോ എന്നും പരിശോധന നടക്കുകയാണ്.