പണം തിരികെനല്‍കിയില്ല, സുഹൃത്തുക്കള്‍ തീകൊളുത്തിയ യുവാവ് മരിച്ചു

65 ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സുഹൃത്തുക്കളില്‍ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നല്‍കാത്തതിന്റെ പേരിലാണ് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

author-image
Prana
New Update
d

മൈലാപൂരില്‍ സുഹൃത്തുക്കള്‍ പെട്രോളൊഴിച്ചു തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂര്‍ സ്വദേശിയായ റിയാസാണ്(36) മരിച്ചത്. 65 ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സുഹൃത്തുക്കളില്‍ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നല്‍കാത്തതിന്റെ പേരിലാണ് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. മരിച്ച റിയാസ് സുഹൃത്തുക്കളായ തുഫൈല്‍, ഷഫീഖ് എന്നിവരില്‍ നിന്നാണ് ഇരുപതിനായിരം രൂപ കടംവാങ്ങിയത്. പണം തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ സുഹൃത്തുക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് റിയാസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കുറച്ചുനാളുകളായി റിയാസ് സ്ഥലത്തുണ്ടായിരുന്നില്ല. വിവിധ ആരാധനാലയങ്ങളില്‍ പോയി റിയാസ് തിരികെയെത്തിയ ദിവസം സുഹൃത്തുക്കള്‍ ചേര്‍ന്ന് അപായപ്പെടുത്തുകയായിരുന്നു.
റിയാസിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീകൊളുത്തുന്ന ദൃശ്യവുമാണ് പുറത്തുവന്നത്. അന്നുതന്നെ റിയാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തുഫൈലും ഷഫീഖും ചേര്‍ന്ന് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് റിയാസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിയാസും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് ഒരു ഓട്ടോഡ്രൈവറും മൊഴി നല്‍കി.

 

fire murder Thiruvananthapuram