ഇ-കുബേര്‍ വഴി പണം വരും; 10 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 17,919 കോടി രൂപ കടമെടുക്കും

ശമ്പളം, പെന്‍ഷന്‍ വിതരണം, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍ തുടങ്ങിയവ ആവശ്യങ്ങള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്നത്

author-image
Punnya
New Update
RBI

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ  10 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഇന്ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേര്‍ വഴി മൊത്തം 17,919 കോടി രൂപ കടമെടുക്കും. ഇ-കുബേറിലൂടെ കടപ്പത്രങ്ങള്‍ ലേലം ചെയ്താണിത്. മിനിമം 10,000 രൂപയാണ് കടപ്പത്രത്തില്‍ നിക്ഷേപിക്കാനാവുക. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളും. ശമ്പളം, പെന്‍ഷന്‍ വിതരണം, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കല്‍ തുടങ്ങിയവ ആവശ്യങ്ങള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്നത്. ഇതിനുള്ള വഴിയാണ് സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണ്‍ (എസ്ഡിഎല്‍). റിസര്‍വ് ബാങ്കാണ് സംസ്ഥാന സര്‍ക്കാരുകളുടെ കടപ്പത്രങ്ങള്‍ ഇറക്കിയുള്ള ഈ കടമെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്.ഓരോ സംസ്ഥാനത്തിനും അവയ്ക്ക് അനുവദനീയമായ പരിധിപ്രകാരം കടമെടുക്കാം. മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍, വാണിജ്യ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയാണ് ഈ കടപ്പത്രങ്ങള്‍ വാങ്ങാറുള്ളത്. വ്യക്തികള്‍ക്കും റിസര്‍വ് ബാങ്കിന്റെ ആര്‍ബിഐ റീട്ടെയ്ല്‍ ഡയറക്ട് പ്ലാറ്റ്‌ഫോം വഴിയോ സീറോദ പോലുള്ള ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ഈ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാം. സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കും പങ്കാളിയാകാമെന്ന ഉദ്ദേശ്യത്തോടെയാണ്, ഈ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നത്.19 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കി 2,500 കോടി രൂപയാണ് കേരളം ഇന്ന് കടമെടുക്കുക. അര്‍ധവാര്‍ഷികമായി നിക്ഷേപകര്‍ക്ക് പലിശ കിട്ടും. ഓരോ വര്‍ഷവും ജൂലൈ 15, ജനുവരി 15 തീയതികളിലാണ് മെച്യൂരിറ്റി കാലം വരെ പലിശ ലഭിക്കുക. ഓഹരി, മ്യൂച്വല്‍ഫണ്ട്, ബാങ്ക് എഫ്ഡി തുടങ്ങിയവയ്ക്ക് സമാനമായ നിക്ഷേപ മാര്‍ഗമായി എസ്ഡിഎല്ലിനെയും പരിഗണിക്കാനാകും. അതേസമയം ഓഹരി, കടപ്പത്രം എന്നിവ റിസ്‌കുകള്‍ക്ക് വിധേയമാണെങ്കില്‍ എസ്ഡിഎല്ലിന് റിസ്‌ക് ഇല്ലെന്നതും റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാണെന്നതും നിക്ഷേപകര്‍ക്ക് ഗുണകരമാണ്.ബിഹാര്‍ 2,000 കോടി രൂപ, ഗുജറാത്ത് 2,000 കോടി, ഹരിയാന 1,000 കോടി, ജമ്മു കശ്മീര്‍ 300 കോടി, കര്‍ണാടക 2,000 കോടി, മഹാരാഷ്ട്ര 5,000 കോടി, മിസോറം 119 കോടി, പഞ്ചാബ് 2,000 കോടി, തമിഴ്‌നാട് 1,000 കോടി രൂപ എന്നിങ്ങനെയാണ് കടമെടുക്കുന്നത്.നടപ്പു സാമ്പത്തിക വര്‍ഷം (2024-25) കടമായി 17,600 കോടി രൂപ കൂടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 8,000 കോടി രൂപ മാത്രമേ അനുവദിക്കാനാകൂ എന്നാണ് കേന്ദ്രം അറിയിച്ചത്. ഇതുപ്രകാരമാണ് ഇന്ന് 2,500 കോടി രൂപ എടുക്കുന്നത്. ഇതോടെ, നടപ്പുവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ എടുത്ത മൊത്തം കടം 35,212 കോടി രൂപയാകും. ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. ഇതാണ് കടമെടുക്കുന്നതിലൂടെ കണ്ടെത്തുന്നത്.

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാം

സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍ (എസ്.ഡി.എല്‍) എന്ന പേരില്‍ അറിയപ്പെടുന്ന കടപ്പത്രങ്ങള്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ റിസ്‌ക് കുറവാണെന്ന് അര്‍ത്ഥം. ഓരോ സംസ്ഥാനത്തിനും അനുവദിച്ച പരിധി അനുസരിച്ചാണ് വായ്പ എടുക്കല്‍. പലിശ നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്. എല്ലാ വര്‍ഷവും രണ്ട് തവണ പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും.

money reserve bank of india states