മകന്റെ വെട്ടേറ്റ് പിതാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ;കൊലപാതകം ആസൂത്രിതം

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല.മൂന്നു ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും അബോധാവസ്ഥയിൽ തിരുവല്ലയിലെ ആശുപത്രിയിലാണ്.

author-image
Devina
New Update
navajeeth

ആലപ്പുഴ: കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംഗ്ഷനിൽ മകന്റെ  വെട്ടേറ്റ് പിതാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

പീടികച്ചിറയിൽ നടരാജൻ (63) ആണ് കഴിഞ്ഞ ദിവസം മകൻ നവജിത്തിന്റെ ആക്രമണത്തിൽ അതി ദാരുണമായി  കൊല്ലപ്പെട്ടത്.

ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അഭിഭാഷകനായ മകൻ നവജിത്തിന്റെ ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ വിശദമായ അന്വേഷണത്തിൽ സാമ്പത്തിക ലക്ഷ്യം മുൻനിർത്തിയുള്ള ആസൂത്രിത കൊലപാതകത്തിന്റെ സൂചനയാണ് പൊലീസിന് ലഭിച്ചത്.

നടരാജന്റെ മുറിയിലെ അലമാരയിൽ ഏതാണ്ട് ഏഴു ലക്ഷം രൂപയും 50 പവനോളം സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. 

അതു കൈക്കലാക്കാൻ നവജിത് നടത്തിയ ശ്രമമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന്  പൊലീസ്  വ്യക്തമാക്കി .

പരിശോധനയിൽ അലമാര തുറക്കാനുള്ള ശ്രമം നടന്നതായുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ച മറ്റു കാരണങ്ങൾ കൂടി അന്വേഷണ സംഘം തേടുന്നത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല.

 മൂന്നു ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും അബോധാവസ്ഥയിൽ തിരുവല്ലയിലെ ആശുപത്രിയിലാണ്.

നവജിത്തിന്റെ ഭാര്യ നവ്യയെ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കും .

ഭർതൃപിതാവിന്റെ മരണവും ഭർത്താവിന്റെ അറസ്റ്റും അറിഞ്ഞ നവ്യ രക്തസമ്മർദ്ദം കൂടിയതിനാൽ നിരീക്ഷണത്തിലാണ് .