ആലപ്പുഴയിൽ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാകുറിപ്പിൽ ഭർതൃപീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്‌

ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് രേഷ്മ ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നു ആത്മഹത്യാക്കുറിപ്പിൽ നിന്നും വ്യക്തമായി .

author-image
Devina
New Update
reshma suicide

ആലപ്പുഴ:ആലപ്പുഴയിൽ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാ കുറിപ്പിൽ  ഭർതൃപീഡനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു .

 ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് രേഷ്മ ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നു ആത്മഹത്യാക്കുറിപ്പിൽ നിന്നും വ്യക്തമായി .

 ഏഴുപേജുള്ള ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവ് അജിത്തിന്റെ ചേട്ടത്തിയമ്മയായ സുജിതയുമായുള്ള ബന്ധത്തെക്കുറിച്ചാണ് രണ്ടര പേജിൽ പറയുന്നത്.

 തന്റെ ഗർഭത്തിനുത്തരവാദി ഭർത്താവിന്റെ അച്ഛനാണെന്ന് അയാൾ അവകാശപ്പെട്ടപ്പോൾ ഭർത്താവ് എതിർത്തില്ലെന്നും രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ട്.

.'എനിക്ക് അജിത്തേട്ടനെ മറക്കാൻ കഴിയില്ല. ആ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ല. ഞാനും അജിത്തുമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങൾ ഇന്ന് പരസ്പരം ഒരുപാട് അകലെയാണ്. സുജിതക്ക് സ്വന്തം ഭർത്താവുമായുള്ള ബന്ധം ഇനി ലഭിക്കില്ല എന്ന് തോന്നിയപ്പോൾ തന്റെ ജീവിതത്തിലേക്ക് കയറി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. സുജിതയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് എന്ത് അവകാശം ഉണ്ടെന്ന് സുജിത ചോദിച്ചപ്പോഴാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതും ആത്മഹത്യക്ക് പ്രവണതയുണ്ടെന്ന് കത്ത് എഴുതിയതും. ഒരു പൊറോട്ട കഴിക്കാത്തതിന്റെ പേരിലാണ് വഴക്ക് തുടങ്ങിയത്. ഞാനും അജിത്തും തമ്മിൽ വഴക്കുകൾ ഇല്ലാതെ ജീവിക്കുന്നത് സുജിതക്ക് ഇഷ്ടമല്ലായിരുന്നു. അജിത്തേട്ടൻ എന്നെ ശൂരനാട് കൊണ്ടുവിട്ടാൽ പിന്നെ വിളിക്കാറില്ല, ആംബ്രൂവിനെ വിളിക്കും. അജിത്ത് ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്നെ കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.അജിത്ത് എന്റെ ഫോൺ ഹാക്ക് ചെയ്തിരുന്നു. അജിത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോ എന്ന് ഞാൻ സംശയിച്ചിരുന്നു. ഒരു തവണ ഞാൻ അത് പിടിച്ചിരുന്നു. പക്ഷേ അതിൽ അജിത്തിന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഞാൻ അജിത്തിന്റെ കൂടെ നിന്നു. പിന്നീടും മെസേജുകൾ പലതും കണ്ടിരുന്നു. ഫോൺ എന്റെ കയ്യിൽ തന്നില്ല. സ്ത്രീധനമായി തന്ന 25 പവൻ സ്വർണവും അജിത്തിന്റെ ആവശ്യത്തിനായി പണയം വെച്ചു. അത് എവിടെയാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ പറഞ്ഞില്ല. ഒരു ദിവസം ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് ഞാൻ അറിയുന്നത്. സ്വർണത്തെ ചൊല്ലി പലതവണ വഴക്കുണ്ടാക്കി. പിന്നെ ഒന്നും ചോദിക്കാതെയായി. എനിക്ക് ജോലി ഉണ്ടായിരുന്നപ്പോൾ എന്റെയോ കുഞ്ഞിന്റെയോ ഒന്നും ചിലവുകൾ അറിയിച്ചിരുന്നില്ല. ജോലി ഇല്ലാതെ വന്നപ്പോൾ അജിത്തിനെ ആശ്രയിക്കേണ്ടി വന്നു. വീട്ടിൽ ഇടുന്ന തുണികൾ കീറിയിട്ട് പോലും വാങ്ങിച്ചുതരാൻ പറഞ്ഞിട്ടില്ല.വിവാഹം കഴിഞ്ഞ് 18-ാമത്തെ ദിവസം സ്വർണം പണയം വെച്ചു. ആറ് പവന്റെ താലിമാല 28 ദിവസം തികച്ച് ഞാൻ ഇട്ടിട്ടില്ല. ഞാൻ ജോലിക്ക് പോയി ഒന്നരപവന്റെ മാല വാങ്ങി. കുറേ മൈക്രോ ഫിനാൻസുകളിൽ നിന്നും എന്റെ പേരിൽ ലോണുകൾ എടുത്തിട്ടുണ്ട്. അതൊന്നും എന്റെ ആവശ്യത്തിനെടുത്തതല്ല. അജിത്തിന്റെ അച്ഛൻ എന്റെ മകനെ അയാൾ ഉണ്ടാക്കിയതാണെന്ന് വരെ പറഞ്ഞു. ഇതിൽ കൂടുതൽ എങ്ങനെ സഹിക്കാനാകും. മകന്റെ ഭാര്യയുടെ ഗർഭം അയാൾ ഉണ്ടാക്കിയതാണെന്ന്. ഇത് കേട്ടപ്പോഴും അജിത്തിന് ഒന്നും തന്നെ പറയാനില്ല. സുജിതയും എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം അവരാണ്'

ഇത്തരത്തിലായിരുന്നു രേഷ്മ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത് .അച്ഛനും അമ്മയും വിഷമിക്കരുതെന്നും തന്റെ വിധി ഇതാണെന്നും രേഷ്മ കുറിപ്പിൽ പറയുന്നുണ്ട് .സ്ത്രീധനമായി നൽകിയ സ്വർണ്ണം തിരികെ വാങ്ങി എടുക്കണമെന്നും മകനെ നന്നായി പഠിപ്പിച്ചു നോക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത് .