/kalakaumudi/media/media_files/2026/01/03/adoor-prakash-2026-01-03-10-57-43.jpg)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും എന്നുള്ള റിപ്പോർട്ട് പുറത്തുവന്നു .
സ്ത്രീകൾക്കും യുവതലമുറയ്ക്കും കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എംഎൽമാരും മത്സരരംഗം ഉറപ്പിക്കുന്നത്.
സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ച നിർദേശത്തിൽ പാർട്ടിയ്ക്കുള്ളിൽ സമവായമായെന്നാണ് റിപ്പോർട്ടുണ്ട്.
നിർണായകമായ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാരെ നിലനിർത്തുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിച്ചു നിർത്തിയാൽ 21 എംഎൽഎമാരാണ് കേരളത്തിൽ കോൺഗ്രസിനുള്ളത്.
ഇതിൽ തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു, എൽദോസ് കുന്നപ്പിള്ളി (പെരുമ്പാവൂർ), ഐ സി ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി) എന്നിവരുടെ സ്ഥാനാർഥിത്വത്തിൽ ആണ് അനിശ്ചിതത്വം നിലനിൽക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങളാൽ മത്സരത്തിനില്ലെന്നാണ് കെ ബാബുവിന്റെ നിലപാട്.
മത്സരിപ്പിക്കാൻ കെ ബാബുവിനും കെപിസിസിക്കും മേൽ സമ്മർദ്ദമുണ്ട്.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ബിജെപി അധികാരം പിടിച്ച സാഹചര്യത്തിൽ കെ ബാബുവിന്റെ സ്ഥാനാർഥിത്വം പ്രധാനമാണെന്നാണ് നേതാക്കളുടെ അഭിപ്രായം.
വയനാട്ടിലെ സംഘടനാ പ്രശ്മാണ് ഐ സി ബാലകൃഷ്ണന് തിരിച്ചടിയാകുന്നത്. ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വയനാട് സഹകരണ ബാങ്കിലെ അഴിമതി ആരോപണമാണ് ഇതിൽ പ്രധാനം.
ലൈംഗിക പീഡന ആരോപണമാണ് എൽദോസ് കുന്നപ്പിള്ളിലിന് മുന്നിലെ തടസം.
പെരുമ്പാവൂരിൽ പാർട്ടി ഒരു ബദൽ സ്ഥാനാർത്ഥിയെ അന്വേഷിച്ചേക്കുമെന്നാണ് സൂചന.
രാഹുൽ മാങ്കൂട്ടത്തിലിനെ ഇതിനോടകം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനാൽ, പാലക്കാട്ട് സീറ്റിലേക്കും അനുയോജ്യനായ ഒരു സ്ഥാനാർഥിയെ കണ്ടെത്തേണ്ടതുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
കോവളം എംഎൽഎ എം വിൻസെന്റും ലൈംഗിക പീഡന ആരോപണം നേരിടുന്നുണ്ടെങ്കിലും അദ്ദേഹത്തെ മാറ്റി നിർത്താൻ സാധ്യയില്ലെന്നാണ് റിപ്പോർട്ട്.
2021 ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് വിജയിച്ച ഏകസീറ്റായിരുന്നു കോവളം.
പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണ എം വിൻസെന്റിനുണ്ട്.
അതിനാൽ അദ്ദേഹത്തിന് കോവളം സീറ്റ് നിഷേധിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും കെപിസിസി ഭാരവാഹി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
