/kalakaumudi/media/media_files/2026/01/23/greemam-2026-01-23-10-33-28.jpg)
തിരുവനന്തപുരം: കമലേശ്വരത്ത് സയനൈഡ് കഴിച്ച് ജീവനൊടുക്കിയ അമ്മയും മകളും നേരിട്ടത് കടുത്ത അപമാനവും അഗവണനയുമെന്ന് റിപ്പോർട്ട്. വെറും 25 ദിവസം മാത്രം ഒന്നിച്ചുകഴിഞ്ഞ ശേഷം ഐശ്വര്യമില്ലെന്ന് പറഞ്ഞാണ് ഭർത്താവ് ഉണ്ണികൃഷ്ണൻ ഗ്രീമയെ ഉപേക്ഷിച്ചത് എന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് ഉണ്ണികൃഷ്ണൻ അയർലണ്ടിൽ പി എച്ച് ഡി വിദ്യാർഥിയാണ്. ആറു വർഷം പരിശ്രമിച്ചിട്ടും തനിക്ക് പിഎച്ച്ഡി പൂർത്തിയാക്കാൻ സാധിക്കാത്തത് ഗ്രീമയുടെ ഐശ്വര്യക്കുറവ് കൊണ്ടാണെന്ന് ഉണ്ണികൃഷ്ണൻ പറയുമായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി അയർലണ്ടിൽ നിന്നുമെത്തിയ ഉണ്ണികൃഷ്ണൻ മരണ വീട്ടിൽവച്ചും അമ്മ സജിതയേയും ഗ്രീമയേയും അപമാനിച്ചു. മടങ്ങാൻ നേരം ഗ്രീമ യാത്ര പറഞ്ഞപ്പോൾ ബന്ധുക്കളുടെയെല്ലാം മുൻപിൽവച്ച് ഉണ്ണികൃഷ്ണൻ അപമാനിച്ചു. 'നീ ആരാ എന്നു ചോദിച്ചെന്നും നിന്നെ ഇനി വേണ്ട' എന്നു പറഞ്ഞെന്നും ബന്ധുക്കളുടെ മൊഴി. ഇതുകേട്ടു നിന്ന അമ്മ സജിതയ്ക്ക് ആ വാക്കുകൾ താങ്ങാനായില്ല. ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതാണ് ജീവനൊടുക്കാൻ പെട്ടെന്നുള്ള കാരണമെന്നും ബന്ധുക്കൾ പറയുന്നു.
200ലധികം പവൻ സ്വർണവും വസ്തുവും വീടുമെല്ലാം നല്കിയാണ് ഗ്രീമയെ വിവാഹം കഴിച്ചയച്ചത്. 25 ദിവസം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാൻ ആകുന്നില്ലെന്നും സജിത ബന്ധുക്കൾക്ക് വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശത്തിലുണ്ട്. ഇന്നലെയാണ് വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുബൈ വിമാനത്താവളത്തിൽ വച്ച് ഉണ്ണിക്കൃഷ്ണൻ പിടിയിലായത്.ഉണ്ണികൃഷ്ണന്റെ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമെന്ന് വ്യക്തമാക്കി അമ്മ സജിത എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്. ഗ്രീമയ്ക്കും അമ്മയ്ക്കും ജീവനൊടുക്കാനായി സയനൈഡ് എവിടെനിന്നും ലഭിച്ചുവെന്ന കാര്യത്തിലും ഊഹാപോഹങ്ങളുണ്ടായിരുന്നു. മറ്റാരെങ്കിലും നൽകിയതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.
എന്നാൽ ഗ്രീമയുടെ പിതാവിന് കൃഷിവകുപ്പിലായിരുന്നു ജോലിയെന്നും സയനൈഡ് ഉൾപ്പെടെയുള്ള ചില കെമിക്കലുകൾ സൂക്ഷിക്കുക സ്വാഭാവികമാണെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. അച്ഛൻ കൊണ്ടുവച്ച സയനൈഡ് കഴിച്ചാണ് അമ്മയും മകളും ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. ഒരു മാസം മുൻപാണ് അച്ഛൻ രാജീവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
