മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ അമ്മ നാട്ടിലെത്തി

ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു.ഹൃദയം നുറുങ്ങി തോരാക്കണ്ണീരുമായി വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു.

author-image
Sneha SB
New Update
MIDHUN

കൊച്ചി : കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു.ഹൃദയം നുറുങ്ങി തോരാക്കണ്ണീരുമായി  വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു.

വലുതാകുമ്പോള്‍ പട്ടാളത്തില്‍ ചേരണമെന്നായിരുന്നു മിഥുന്റെ ആഗ്രഹം .കുടുംബത്തെ നന്നായി നോക്കണമെന്ന് അനുജനോട് പറയുമായിരുന്നു.കുഞ്ഞ് മനസ്സില്‍ ഒരുപാട് സ്വപ്‌നങ്ങളായിരുന്നു.എന്നാല്‍ അതെല്ലാം തകര്‍ന്നത് ഒരു നിമിഷം കൊണ്ടാണ്.
അതിദരിദ്രമായ കുടുംബസാഹചര്യത്തില്‍ നിന്ന് മോചനം തേടിയാണ് അമ്മ വിദേശത്തേക്ക് വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകന്‍ അപ്രതീക്ഷിതമായ അപകടത്തില്‍ മരിച്ചത്.

തേവലക്കര സ്‌കൂളില്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാന്‍ കയറിയതാണ് മിഥുന്‍ , തെന്നി വീഴാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ച് ഷോക്കേറ്റാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ സ്‌കൂളില്‍ മിഥുന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കാരം നടക്കും.

death electric shock