ആന്റോ ആന്റണിക്കെതിരെ ഇ.ഡി അന്വേഷണം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റോ ആന്റണിക്ക് ഉടന്‍ നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കിയ രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം

author-image
Biju
New Update
anto antony

കൊച്ചി: നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പു പണമാണെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 2019ല്‍ പലതവണയായി രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.എം രാജു ആരോപിച്ചത്. 

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റോ ആന്റണിക്ക് ഉടന്‍ നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്‍കിയ രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം.രാജു പറഞ്ഞിരുന്നു.

പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചിരുന്നു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെ നല്‍കി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫിസിലും സ്ഥാപന ഉടമ എന്‍.എം. രാജുവിന്റെ രാമന്‍ചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. അതേസമയം ഇഡി അന്വേഷണം വരുമ്പോള്‍ നോക്കാമെന്ന് ആന്റോ ആന്റണി മറുപടി നല്‍കി.

അതേസമയം, ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അടൂര്‍ പ്രകാശിന് പിന്നാലെ ആന്റോ ആന്റണി എംപിയെയും എസ്‌ഐടി. ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ തന്നെ നോട്ടിസ് നല്‍കി വിളിപ്പിക്കാനാണ് തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടുപ്പം കേന്ദ്രീകരിച്ചാണ് ആന്റോ ആന്റണിയെയും ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍കുന്ന ചിത്രത്തില്‍ ആന്റോ ആന്റണിയുമുണ്ട്. സോണിയ ഗാന്ധിയുടെ കയ്യില്‍ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്. ഇതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് എസ്‌ഐടി ചോദിച്ചറിയാന്‍ ശ്രമിക്കുന്നത്.