/kalakaumudi/media/media_files/lTbbJJ0WpQ2UVymf4R3L.jpg)
അമീബിക് മസ്തിഷ്കജ്വരത്തെ കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയക്കണമെന്ന് എംകെ രാഘവൻ എംപി. ഈ ആവശ്യം അറിയിച്ച് എംകെ രാഘവൻ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്ക് കത്തയച്ചു. ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഏഴുവർഷത്തിനിടെ ആറുപേർക്ക് ബാധിച്ച രോഗം രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് ബാധിച്ച സാഹചര്യത്തിലാണ് ആശങ്കയുണ്ടാകുന്നത്.
ഇതിൽ രണ്ട് കുട്ടികൾ മരിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസുകാരൻ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ അതിഗുരുതരാവസ്ഥയിൽ തുടരുകയാണ്.
മേയ് 21ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിയും ജൂൺ 16ന് കണ്ണൂരിൽ 13കാരിയുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുവയസുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടർന്നാണ് രോഗം ബാധിച്ചത്. അതേസമയം ഒരാൾക്ക് രോഗംവന്ന അതേ കുളത്തിൽ കുളിച്ച എല്ലാവരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വെള്ളം മൂക്കിൽക്കയറുക വഴി അമീബ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രമേ രോഗം ബാധിക്കുകയുള്ളു.
രോഗം ബാധിച്ചാൽ പിന്നീട് ജീവിതത്തിലേക്കു മടങ്ങിയെത്തുകയെന്നത് പ്രയാസമേറിയ കാര്യവുമാണ്. നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന അമീബയാണ് അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലാശയങ്ങളിലാണ് പൊതുവേ ഈ അമീബ കാണുന്നത്. അമീബ ഗ്രൂപ്പിൽ മറ്റനേകം അണുക്കൾ വേറെയുമുണ്ട്. അവയിൽ മറ്റു ചിലതും മസ്തിഷ്കജ്വരത്തിനു കാരണമാകാം. മൂക്കു വഴിയാണു നെഗ്ലേരിയ ഫൗലെറി അമീബ തലച്ചോറിലെത്തുക.