മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചത് എംആർ അജിത് കുമാർ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അൻവർ പറഞ്ഞു. പേര് വെളിപ്പെടുത്താൻ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥൻ തനിക്ക് അയച്ച സന്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു.
എംആർ അജിത് കുമാർ കവടിയാർ കെട്ടാരത്തിന്റെ കോമ്പൗണ്ടിൽ സ്ഥലം വാങ്ങി. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്. 12,000 സ്ക്വയർ ഫീറ്റ് വീടാണ് നിർമ്മിക്കുന്നതാണെന്നാണ് വിവരം. 60 ലക്ഷം രൂപ വരെയാണ് സെന്റിന് വില. ലുലു ഗ്രൂപ്പ് ചെയർമാന്റെ സ്ഥലത്തിന് തൊട്ടടുത്താണിതെന്നും പി വി അൻവർ ആരോപിച്ചു.
മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരായ ആരോപണം നിയമോപദേശത്തിന് ശേഷമാണ് ഉന്നയിച്ചത്. വെളിവില്ലാതെ പറഞ്ഞതല്ല. അതിൽ മാധ്യമങ്ങൾക്ക് വിവരാവകാശം നൽകാം. റിപ്പോർട്ടർ ടിവി കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാർ മീറ്റ് ദ എഡിറ്റേഴ്‌സിൽ ഉയർത്തിയ ചോദ്യങ്ങളോടായിരുന്നു പി വി അൻവറിന്റെ വിശദീകരണം.
സ്വർണക്കടത്ത് സംഘവുമായി അജിത് കുമാറിന് ബന്ധമുണ്ട്. എസ് പി സുജിത് ദാസ് ഉൾപ്പെടുന്നതാണ് സംഘം. ദുബായിലാണ് അജിത് കുമാറിന്റെ സ്വർണക്കടത്ത് സംഘം. കരിപ്പൂർ കേന്ദ്രീകരിച്ച് മലപ്പുറം എസ്പി സുജിത് ദാസ് വഴിയാണ് സ്വർണം കടത്തിയത്. മൂന്ന് വർഷത്തിൽ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പിടിച്ചെടുത്ത അജിത് കുമാർ ഇതേ കാലയളവിൽ വലിയ തോതിൽ സ്വർണം കടത്തി. സ്വർണക്കടത്ത് മേഖല അജിത് കുമാറിന് കീഴടങ്ങിയെന്നും അൻവർ ആരോപിച്ചു. അജിത് കുമാറിന് വേണ്ടി ഐപിഎസ് സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്ന് പി വി അൻവർ പറഞ്ഞു.