നാടകവും രാഷ്ട്രീയവും മനസില്‍ നിറച്ച രഘുചന്ദ്രബാലിന് വിട

കാഞ്ഞിരംകുളത്തെ പകരം വക്കാനില്ലാത്ത ഒരു കോണ്‍ഗ്രസ് നേതാവെന്നതിലുപരി അതുല്യനായ ഒരു നാടക നടന്‍ എന്ന നിലയിലും നടന വേദികളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു

author-image
Biju
New Update
REGHU 2

ജി.എല്‍. അനില്‍നാഥ്

തിരുവനന്തപുരം:മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ആയിരുന്നു അന്ത്യം. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

കാഞ്ഞിരംകുളത്തെ പകരം വക്കാനില്ലാത്ത ഒരു കോണ്‍ഗ്രസ് നേതാവെന്നതിലുപരി അതുല്യനായ ഒരു നാടക നടന്‍ എന്ന നിലയിലും നടന വേദികളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു.കാഞ്ഞിരംകുളത്തെ സമീപ ഗ്രാമീണ മേഖലയായ അരുമാനൂര്‍ എന്ന ഉല്‍സവ ത്തറവാട്ടിലെ ' ദര്‍ശന 'തിയേറ്റേഴ്‌സ് അവതരിപ്പിച്ച ' കക്കയം ക്യാമ്പ്  ' എന്ന നാടകത്തില്‍ 1979 - 80 കാലഘട്ടത്തില്‍ പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കലിന്റെ വേഷമാണ് രഘുച്ചന്ദ്ര ബാല്‍ രംഗത്തവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് എ.കെ. സുകു രചനയും സംവിധാനവും നിര്‍വഹിച്ച, അടിയന്തരാവസ്ഥയുടെ കിരാത വാഴ്ച്ച വരച്ചുകാട്ടിയ വിവാദ നാടകമായ കക്കയം ക്യാമ്പ് കേരളത്തിലങ്ങോള മിങ്ങോളമുള്ള നൂറോളം വേദികളിലരങ്ങേറിയപ്പോള്‍ ജയറാം പടിക്കല്‍ എന്ന ഡി.ജി.പിയെ അനശ്വരനാക്കിയത് രഘുച്ഛന്ദ്രബാല്‍ തന്നെയായിരുന്നു. 

കാണികളുടെ പ്രശംസ നേടിയ ജയറാം പടിക്കലിന്റെ വേഷം തന്‍മയത്വമാക്കിയതിനെ തുടര്‍ന്ന് പല നാടകവേദികളും രഘുച്ഛന്ദ്ര ബാലിനെ അഭിനേതാവായി ക്ഷണിച്ചെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് അരുമാനൂര്‍ ഡ്രമാറ്റിക് ക്ലബ്ബിന്റെ(എ.ഡി.സി) സമ്മേളന വേദികളിലും സംഘടനാപേവര്‍ത്തനങ്ങളിലും നാടകീയതയുടെ തേരുകള്‍ തെളിയിച്ചു കൊണ്ട് തന്റെ സ്വതസിദ്ധമായ രാഷ്ട്രീയ രംഗത്തെ ചടുലമായ ചുവടുവയ്പുകളിലൂടെ എക്‌സൈസ് വകുപ്പ് മന്ത്രി പദത്തിലെത്തിപ്പെടുകയായിരുന്നു.നാടകവേദിയിലരങ്ങേറിയ അരുമാനൂര്‍ ഗ്രാമത്തില്‍ മഹാവ്യാധിയായി പടരുകയായിരുന്ന വ്യാജ വാറ്റ് തുടച്ചുനീക്കാന്‍ നിലകൊണ്ട 'ബോധി 'എന്ന സംഘടനക്ക്  എക്‌സൈസ് മന്ത്രിയെന്ന നിലയില്‍ നല്‍കിയപിന്തുണ ഇന്ന് നാട്ടുകാര്‍ ഇത്തരുണത്തില്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു.