/kalakaumudi/media/media_files/2025/06/18/image_search_1750225967378-7be3119d.jpg)
മലപ്പുറം : അടിയന്തരാവസ്‌ഥ കാലത്ത് ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്നും ജനതാ പാർട്ടിക്ക് അന്ന് വർഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
ആർഎസ്എസുമായല്ല ജനതാ പാർട്ടിയുമായാണ് അന്ന് ഇടതുപക്ഷം സഹകരിച്ചത്. പിന്നീട് ആർഎസ്എസ് ജനതാ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കുന്നു എന്ന വിമർശനം ഉണ്ടായി. 1984ലെ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജനതാ പാർട്ടി വോട്ട് സ്വീകരിക്കുമെന്ന് വന്നപ്പോൾ പലയിടങ്ങളിൽ നിന്നും ചോദ്യമുയർന്നു. അന്ന് ഇഎംഎസ് ആണ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചത്.
ആ ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും ഇടതുപക്ഷം ജയിച്ചു. പിന്നീട് ആർഎസ്എസ് പിടിമുറുക്കിയ ജനതാ പാർട്ടിയുമായി സഹകരിച്ചത് കോൺഗ്രസാണ്. ഒ രാജഗോപാൽ കാസർഗോഡ് കോൺഗ്രസ് പിന്തുണയോടെ മൽസരിച്ചു. ഇഎംഎസ് സർക്കാരിനെ പുറത്താക്കാനുള്ള സമരത്തിലും അന്ന് ആർഎസ്എസ് പിന്തുണ നൽകി. പട്ടാമ്പിൽ ഇഎംഎസിനെ തോൽപ്പിക്കാൻ ആർഎസ്എസ്-കോൺഗ്രസ് പൊതു സ്‌ഥാനാർഥിയെ നിർത്തി. ഇതെല്ലാം ചരിത്രമാണെന്ന് എം സ്വരാജ് വ്യക്‌തമാക്കി.
ഗോവിന്ദൻ മാഷ് ചോദ്യത്തോട് എങ്ങനെ പ്രതികരിച്ചെന്ന് പറയാനാകില്ല. മാഷ് ആലങ്കാരികമായി എന്തെങ്കിലും പറഞ്ഞോ. ചോദ്യത്തിന്റെ ദുഷ്‌ടലാക്ക് മനസിലാക്കി തിരിച്ച് പറഞ്ഞോ. അത് അഭിമുഖം കണ്ടതിന് ശേഷം മാത്രമേ പറയാൻ പറ്റൂ. അവ്യക്‌തത ഉണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.