ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷകള്‍ ഫലം കണ്ടില്ല, നിളയുടെ കഥാകാരനും മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനുമായ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി.
അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എംടി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിരുന്നു. ഇതോടെ എഴുത്തുകാരന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും. പക്ഷെ ജീവിതത്തിന്റെ രണ്ടാമൂഴത്തിനായി അദ്ദേഹം കാത്തില്ല. 91-ാം വയസില്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്‌സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
1933 ഓഗസ്റ്റ് 9ന് പുന്നയൂര്‍ക്കുളത്തുക്കാരന്‍ ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരി അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടായിരുന്നു എംടി വാസുദേവന്‍ നായരുടെ ജനനം. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടാണ് എംടി ചെറുപ്പക്കാലം ചെലവഴിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പാലക്കാട് വിക്‌ടോറിയ കോളജില്‍ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം. കോളജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു.
1954ല്‍ പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും ഗണിത അധ്യാപകനായി ജോലി ചെയ്തു. 195556 കാലത്ത് പാലക്കാട് എം ബി ട്യൂട്ടോറിയലിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ജോലി ചെയ്തു. 1999 ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ പദവിയും എംടി വഹിച്ചിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ എംടി സാഹിത്യ രചന ആരംഭിച്ചിരുന്നു. കോളജില്‍ പഠിച്ചിരുന്ന കാലത്ത് ജയകേരളം മാസികയില്‍ അദ്ദേഹത്തിന്റെ കഥകള്‍ അച്ചടിച്ച് വന്നു. 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്നത് വിക്‌ടോറിയ കോളജിലെ ബിരുദ പഠന കാലത്താണ്.1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എം ടി യുടെ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതോടെയാണ് മലയാള സാഹിത്യ രംഗത്ത് എംടി വാസുദേവന്‍ നായര്‍ എന്ന പേര് ശ്രദ്ധ നേടുന്നത്.
എംടിയുടെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ 'നാലുകെട്ട്' ആണ്. 1958ല്‍ ആണിത് പുറത്തിറങ്ങുന്നത്. ആദ്യ നോവലിന് തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരവും നാലുകെട്ടിന് ലഭിച്ചു. പിന്നീട് 'സ്വര്‍ഗം തുറക്കുന്ന സമയം', 'ഗോപുര നടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1963 - 64 കാലത്താണ് എംടി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. എംടിയുടെ തന്നെ കഥയായ 'മുറപ്പെണ്ണി'ന് തിരക്കഥ രചിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത 'നിര്‍മാല്യം' എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു. അമ്പതിലേറെ തിരക്കഥകള്‍ എംടി രചിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, സദയം, കടവ്, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കും ദേശീയ പുരസ്‌കാരം ലഭിച്ചു.
കാലം എന്ന കൃതിക്ക് 1970ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, രണ്ടാമൂഴത്തിന് 1985ല്‍ വയലാര്‍ അവാര്‍ഡ്, വാനപ്രസ്ഥം എന്ന കൃതിക്ക് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് വേണ്ടി തിരക്കഥ ആക്കിയിരുന്നു എങ്കിലും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള തര്‍ക്കത്തില്‍ കോടതിയിലാണ്.