തിരുവനന്തപുരം: അൻവറിന്റെ ആരോപണങ്ങൾ തള്ളി മന്ത്രി വി ശിവൻകുട്ടി. അർവറിന്റേത് തെറ്റായ പ്രസ്താവനകളാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പല ഘട്ടത്തിലും വെല്ലുവിളി നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ശക്തിയോടെ വന്നിട്ടുമുണ്ട്. അൻവർ കുറെ കാര്യങ്ങൾ പറഞ്ഞു അതൊന്നും രേഖകളുടെ അടിസ്ഥാനത്തിലല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
പിണറായി വിജയൻ ആദ്യമായി കേരള രാഷ്ട്രീയത്തിൽ വന്നയാളല്ല. സമൂഹത്തിന് യോജിക്കാത്ത എന്തെങ്കിലും തെറ്റ് പിണറായി വിജയൻ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച ശിവൻകുട്ടി, ആരോപണങ്ങൾ ഉണ്ടായി എന്നല്ലാതെ കേസ് വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അൻവറിന്റെ പ്രസ്താവന കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അൻവറിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നറിയില്ല. അൻവർ പാർട്ടിയോട് കാണിച്ചത് കടുത്ത വഞ്ചനയാണ്. അത് അതിജീവിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച വി ശിവൻകുട്ടി, ഓട് പൊട്ടി രാഷ്ട്രീയത്തിൽ വന്നയാളല്ല റിയാസ് എന്നാണ് പ്രതികരിച്ചത്. 'മുഖ്യമന്ത്രിയുടെ മകളുമായി ബന്ധം ഉണ്ടായ ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല മുഹമ്മദ് റിയാസ്. അൻവറിനെ പോലെ രാഷ്ട്രീയപാർട്ടികൾ മാറി നടക്കുന്ന ആളുമല്ല. റിയാസിനെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട. പാർട്ടിയും മതേതര വിശ്വാസികളും റിയാസിനൊപ്പമാണ്', വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
