മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തും

പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡില്‍ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.

author-image
Biju
New Update
mullaperiyaar daam

ഇടുക്കി: ഇടുക്കി ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശം. കുമിളി മേഖലയില്‍ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വ്യാപക നാശനഷ്ടമാണുണ്ടായത്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 139.30 അടിയാണ് ജലനിരപ്പ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. എന്നാല്‍, വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സ്പില്‍വെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ്  സെക്കന്‍ഡില്‍ 9120 ഘനയടിയാണ്. 

പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡില്‍ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.

കുമളി പത്തുമുറി റൂട്ടില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനസ്ഥാപിച്ചു. നെടുങ്കണ്ടം മേഖലയില്‍ രാത്രിയിലും ശക്തമായ മഴ പെയ്തു. മേഖലയില്‍ ഒരിടത്തും ഇന്നലത്തേതിന് സമാനമായ രീതിയില്‍ വെള്ളം കയറിയിട്ടില്ല. കല്ലാര്‍ ഡാം അടച്ചിട്ടില്ല

.തുറന്ന നാല് ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. ഒരെണ്ണം മാത്രമാണ് തുറന്നിട്ടുള്ളത്. കുമളിയില്‍ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഒന്നാം മൈല്‍ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്. 

വെള്ളാരംകുന്നില്‍, റോഡിലേക്ക് പതിച്ച മണ്‍കൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന്‍ മരിച്ചു. പറപ്പള്ളി വീട്ടില്‍ തങ്കച്ചനാണ് മരിച്ചത്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ റോഡില്‍ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഒന്നാം മൈല്‍, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെപല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.