ഇന്ന്... ഈ ദിനം... ഒരിക്കലും മറക്കില്ല

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് അന്ന് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നത്.

author-image
Biju
New Update
mumbai

മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിനേഴ് വര്‍ഷം തികയുന്നു. 2008 നവംബര്‍ 26നാണ് 10 ഭീകരര്‍ ഉള്‍പ്പെട്ട സംഘം മുംബൈ നഗരത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. മുംബൈയെ മാത്രമല്ല, രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ മൂന്ന് ദിനമാണ് അന്ന് കടന്നു പോയത്.

മൂന്ന് ദിവസത്തോളം രാജ്യം വിറങ്ങലിച്ചു നിന്നു. ലഷ്‌കര്‍-ഇ-തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തി നടത്തിയ ആക്രമണത്ത തുടര്‍ന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനവും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് അന്ന് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നത്. നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സുരക്ഷാ സേനകള്‍ വധിച്ചത്.

ഇന്നും നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും മോചിതരാകുവാന്‍ മുംബൈ നിവാസികള്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴും ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ശിക്ഷിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. അമേരിക്ക അടക്കം തലയ്ക്ക് വിലയിട്ടിരിക്കുന്ന ഹാഫിസ് സയിദാണ് ആക്രമണത്തിന്റെ സൂത്രധാരന്‍

പാകിസ്താന്‍ ഭീകരനും ലഷ്‌കര്‍-ഇ-ത്വയ്യിബ നേതാവുമാണ് ഹാഫീസ് മുഹമ്മദ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് കരുതപ്പെടുന്നത് ഇയാളാണ്. അമേരിക്ക ഇയാളുടെ തലയ്ക്ക് 10 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

2008 നവംബര്‍ 26ന് 10 അംഗ ഭീകരസംഘം മുംബൈ തീരത്ത് എത്തുകയും വിവിധ സ്ഥലങ്ങളിലായി ഭീകരാക്രമണം നടത്തുകയുമായിരുന്നു. ആക്രമണത്തില്‍ ഭീകരര്‍ അടക്കം 174 ആളുകള്‍ കൊല്ലപ്പെടുകയും 300ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2008 നവംബര്‍ 26 ബൂധനാഴ്ച മുതല്‍ 29 ശനിയാഴ്ച വരെ, ഏതാണ്ട് 60 മണിക്കൂറോളമാണ് ഭീകരാക്രമണം നീണ്ടു നിന്നത്. അവസാന ഭീകരനെ ജീവനോടെ പിടികൂടിയതോടെയാണ് ആക്രണം അവസാനിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ 28ന് രാത്രി 8.30 ഓടെ ഓപ്പറേഷന്‍ അവസാനിച്ചതായി എന്‍എസ്ജി പ്രഖ്യാപിക്കുകയും ചെയ്തു.

നവംബര്‍ 26ന് രാത്രി എട്ടിന് മുംബൈയില്‍ കടല്‍ മാര്‍ഗം എത്തിയ 10 അംഗസംഘം രണ്ടായി തിരിഞ്ഞ് പോകുകയായിരുന്നു. പിന്നീട് മെട്രോ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഛത്രപതി ശിവജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്‍, ദക്ഷിണ മുംബൈ പോലീസ് ആസ്ഥാനം, ലെപോള്‍ഡ് കേഫ്, താജ്മഹല്‍ പാലസ് ഹോട്ടലും ടവര്‍ ഹോട്ടലും, ഒബ്രോയ് ട്രൈഡന്റ് ഹോട്ടല്‍, മാസഗോണ്‍ തുറമുഖം, കാമ ആശുപത്രി, നരിമാന്‍ ഹൗസ്, വൈല്‍ പാര്‍ലെ എന്നിവടങ്ങളിലാണ് ആക്രമണമുണ്ടാകുന്നത്. ഗിര്‍ഗൗം ചൗപതിയില്‍ വച്ച് രണ്ട് ഭീകരരെ വധിച്ചു. ടാര്‍ഡിയോയില്‍ വച്ച് ഒരു ഭീകരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്യിബയാണ് മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് അറബിക്കടലിലൂടെ കടലില്‍ സഞ്ചരിച്ച അക്രമികള്‍ ഇന്ത്യന്‍ മത്സ്യബന്ധന ട്രോളറായ 'കുബറിനെ' തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു, ബോട്ടിനുള്ളിലുണ്ടായിരുന്ന നാലുപേരെ കൊലപ്പെടുത്തുകയും, തുടര്‍ന്ന് ക്യാപ്റ്റനെ മുംബൈയിലേക്ക് കപ്പല്‍ കയറ്റാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്താണ് ഇന്ത്യന്‍ തീരത്ത് എത്തിയത്. ഭീകര്‍ക്ക് പാകിസ്ഥാനില്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചതായും കണ്ടെത്തിയിരുന്നു.

മുംബൈ ആക്രമണത്തില്‍ ഭീകരര്‍ അടക്കം 174 പേരാണ് കൊല്ലപ്പെട്ടത്. 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തില്‍ 141 ഇന്ത്യാക്കാരും വിദേശികളും ഉള്‍പ്പെട്ടതായാണ് കണക്ക് സൂചിപ്പിക്കുന്നത്. അമേരിക്കന്‍ സ്വദേശികളായ ആറ് പേരും ഇസ്രായേല്‍ സ്വദേശികളായ നാല് പേരും ജര്‍മനിയില്‍ നിന്നുള്ള മൂന്ന് പേരും, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പേരും വീതവും ഇറ്റലി, ബ്രിട്ടണ്‍, നെതര്‍ലെന്‍സ്, ജപ്പാന്‍, ജോര്‍ദ്ദാന്‍, മലേഷ്യ, മൗറീഷ്യസ്, മെക്സിക്കോ, സിംഗപ്പൂര്‍, തായ്ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരോ ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ നിരവധി വിദേശി വിനോദ സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് ദേശ്മുഖ് പറഞ്ഞത് അനുസരിച്ച് 15 പോലീസുകാരും കൊല്ലപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

മുംബൈ ഭീകരാക്രമണത്തിനിടയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മലയാളി സൈനികനാണ് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപ് ബെംഗളൂരുവിലായിരുന്നു താമസിച്ചത്. താജ് ഹോട്ടലില്‍ തമ്പടിച്ചിരുന്ന തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് സന്ദീപ് കൊല്ലപ്പെട്ടത്.

മുംബൈ ഭീകര വിരുദ്ധസേനയുടെ മേധാവിയായിരുന്നു ഹേമന്ത് കര്‍കരെ. മുംബൈ ഭീകരാക്രമണത്തിനിടയില്‍ ഭീകരരുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2008 സെപ്റ്റംബര്‍ 29 ന് നടന്ന മലേഗാവ് സ്ഫോടനം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നു കര്‍കരെ.

മുംബൈ ഭീകരാക്രമണ പരമ്പരയിലെ പങ്കാളിയാണ് പാകിസ്താന്‍ പൗരനായ മുഹമ്മദ് അജ്മല്‍ അമീര്‍ കസബ് എന്ന അജ്മല്‍ കസബ്. ഈ ആക്രമണ പരമ്പരക്കു ശേഷം ജീവനോടെ പിടിയിലായ ഏക വ്യക്തി കസബാണ്. കസബ് ഒരു പാകിസ്താന്‍ പൗരനാണെന്ന കാര്യം പാകിസ്താന്‍ ആദ്യം നിഷേധിച്ചുവെങ്കിലും 2009 ജനുവരിയില്‍ അക്കാര്യം അവര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട കസബിന്റെ ദയാഹര്‍ജി 2012 നവംബര്‍ 5 ന് നിഷേധിച്ചതോടെ നവംബര്‍ 21ന് രാവിലെ 7.30ന് പൂനയിലുള്ള യെര്‍വാദ ജയിലില്‍ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.

മുംബൈ ഭീകരാക്രണത്തിന്റെ പങ്ക് പാകിസ്ഥാനുണ്ട് എന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പാക് ഭരണകൂടം അത് നിഷേധിക്കുകയാണ് ചെയ്തത്. ജീവനോടെ പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിന്റെ പൗരത്വം വരെ പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. പിന്നീട്, പാകിസ്ഥാന്‍ പുറത്തുവിട്ട ഭീകരരുടെ പട്ടികയില്‍ 26/11 ഭീകരാക്രമണത്തില്‍ പങ്കുള്ള നിരവധിയാളുകളെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു