/kalakaumudi/media/media_files/2025/01/21/NFD66afxVVqmgudbLZLb.jpeg)
dr
മുംബൈ: ഇമ്മ്യൂണോളജിക്കല്‍ നാഡി ഡിസോര്‍ഡറായ ഗില്ലന്‍ ബാരി സിന്‍ഡ്രോമുമായി(ജിബിഎസ്) ബന്ധപ്പെട്ട് 22 കേസുകള്‍ പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്ന് മരവിപ്പിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്ന ഒരു അപൂര്‍വ അവസ്ഥയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. കൈകാലുകള്‍ക്ക് ഗുരുതരമായ ബലഹീനത പോലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.
രോഗം ബാധിച്ചവരുടെ സാമ്പിളുകള്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പിഎംസി) ആരോഗ്യ വിഭാഗം പരിശോധനയ്ക്കായി ഐസിഎംആര്‍-എന്‍ഐവിയിലേക്ക് അയച്ചിട്ടുണ്ട്. നഗരത്തിലെ സിംഗ്ഗഡ് റോഡ് മേഖലയിലാണ് ഈ കേസുകളില്‍ ഭൂരിഭാഗവും കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സംശയിക്കപ്പെടുന്ന മിക്ക രോഗികളും 12 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവരാണ്. നിലവില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് മാത്രമാണ് 59 വയസ്സ് പ്രായമുള്ളത്.
നഗരത്തിലെ മൂന്നോ നാലോ ആശുപത്രികളില്‍ ജിബിഎസ് ഉണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സിവില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ നീന ബൊറാഡെ പറഞ്ഞു. 'ഗില്ലന്‍-ബാരി സിന്‍ഡ്രോം കേസുകളുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
ഞങ്ങള്‍ വിശദമായ അന്വേഷണം ആരംഭിക്കുകയും ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. സംശയാസ്പദമായ കേസുകളുടെ സാമ്പിളുകള്‍ കൂടുതല്‍ അന്വേഷണത്തിനായി ഐസിഎംആര്‍-എന്‍ഐവിയിലേക്ക് അയച്ചിട്ടുണ്ട്' അവര്‍ പറഞ്ഞു.
രോഗികളുടെ പ്രതിരോധശേഷി ദുര്‍ബലമാക്കുന്നതിനാല്‍ ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ പൊതുവെ ജിബിഎസിലേക്ക് നയിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. ജിബിഎസ് ഒരു പകര്‍ച്ചവ്യാധിയിലേക്ക് നയിക്കില്ല. ഇപ്പോള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.