മുനമ്പം വഖഫ് ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യം. മുനമ്പത്തെ ജനങ്ങള്‍ കമ്മിഷനോട് സഹകരിക്കണമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
കമ്മീഷന്റെ അന്വേഷണമേഖല എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല. കാര്യങ്ങള്‍ മനസിലാക്കി വരുന്നതേയുള്ളു. ഇത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. റിപ്പോര്‍ട്ട് പെട്ടെന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. അതിന് തല്‍പരകക്ഷികളുടെ പൂര്‍ണ സഹകരണം വേണം. പ്രശ്‌നബാധിതര്‍ അവരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി കമ്മിഷനെ അറിയിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുകയും വേണം. കമ്മീഷനോട് സഹകരിച്ചാല്‍ മാത്രമേ കമ്മീഷന് സമയത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു.
സര്‍ക്കാര്‍ ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെ അവകാശം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെയും കമ്മീഷന്റെയും ഉത്തരവാദിത്വമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.