/kalakaumudi/media/media_files/2025/04/04/ESNqhOLWZEOFTRipxnCY.jpg)
കൊച്ചി : മുനമ്പത്ത് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്ന് സമരക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതല്‍ ആളുകള്‍ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിജെപി, ബിഡിജെഎസ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വഖഫ് ബില്‍ പാസാക്കിയതിനു കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നന്ദി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍ സമരസമിതിക്കാരെ അറിയിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിത്. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസായതിനു പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. സുരേഷ് ഗോപിയും ഈ ദിവസങ്ങളില്‍ മുനമ്പത്ത് എത്തിയേക്കും. വഖഫ് ബില്‍ പാസായെങ്കിലും റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്നും സമിതി പ്രഖ്യാപിച്ചു.