മുനമ്പം സമരം അവസാനിപ്പിച്ച് ഒരു വിഭാഗം, സമരവേദി വിട്ടിറങ്ങി വിമതര്‍

ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍ വ്യക്തമാക്കി

author-image
Biju
New Update
munambam

കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിച്ചു. മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലില്‍ എത്തി സമരമിരിക്കുന്നവര്‍ക്ക് നാരാങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഇത് താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ നിന്ന് ഭൂമി മാറ്റല്‍ ആണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇത് ഒരു ഇടവേള മാത്രമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍ വ്യക്തമാക്കി.

സമരസമിതിയുടേത് ശരിയായ തീരുമാനമാണെന്നും മുനമ്പം പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു. പണം കൊടുത്ത് സ്ഥലം വാങ്ങിയവരാണ് നിയമപരമായ അവകാശികള്‍. ആ അവകാശങ്ങള്‍ ഉറപ്പ് വരുത്താനാണ് കമ്മീഷനെ വെച്ചത്. സമരം അവസാനിപ്പിക്കണമെന്ന് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അന്ന് തുടരാനായിരുന്നു സമിതിയുടെ തീരുമാനം. 

സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്. ഇപ്പോള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് സമരസമിതിയാണ്. ഏത് തീരുമാനം എടുത്താലും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ കാര്യങ്ങള്‍ ചെയ്യും. നിയമപരമായ അവകാശം സംരക്ഷിക്കാന്‍ സാധ്യമായത് ചെയ്യും. സമരം ചെയ്യുമ്പോഴും പരിഹാരം കാണാന്‍ സമിതി സര്‍ക്കാരിനൊപ്പം നിന്നിരുന്നെന്നും മന്ത്രി രാജീവ് പറഞ്ഞു.

റവന്യു അവകാശം പുനസ്ഥാപിക്കണം എന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് സര്‍ക്കാരാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ആ ദിവസം തന്നെ നികുതി സ്വീകരിച്ചത് നിലപാടുള്ളത് കൊണ്ടാണ്. കൃത്യമായ നിലപാട് സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരാളെയും ഇറക്കിവിടില്ല എന്നത് തന്നെയാണ് നിലപാട്. സമരത്തെ ഒരു ഘട്ടത്തിലും പരിഗണിക്കാതിരുന്നിട്ടില്ലെന്നും സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സമരവേദി വിട്ടിറങ്ങിയ വിമതര്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് വേദിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ശാശ്വതമായ പരിഹാരം കാണും വരെയും സമരം തുടരുമെന്നും സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്നുമാണ് വിമതര്‍ പറയുന്നത്. ഇവര്‍ പുതിയ സമരവേദിയില്‍ മുദ്രാവാക്യം മുഴക്കി സമരം ആരംഭിക്കുകയും ചെയ്തു.