മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
ഭൂപ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാനാണു സര്‍ക്കാര്‍ ശ്രമം. രേഖകള്‍ ഉള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ ജുഡിഷ്യല്‍ കമ്മിഷനായി നിയോഗിക്കാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമരസമിതിയെ അറിയിച്ചു.
നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോര്‍ഡ് അംഗീകരിച്ചു. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്‌റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണസഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ചര്‍ച്ചയില്‍ റവന്യു മന്ത്രി കെ. രാജന്‍, നിയമമന്ത്രി പി. രാജീവ് , വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ!. ഉമേഷ് എന്നിവരും വൈപ്പിന്‍ എം.എല്‍.എ കെ.എന്‍ ഉണ്ണികൃഷ്ണന്‍, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍, മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ബെന്നി, മുരുകന്‍ (എസ്.എന്‍.ഡി.പി), പി.ജെ ജോസഫ് (പ്രദേശവാസി ) എന്നിവരും പങ്കെടുത്തു.