മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ;ദുരന്തബാധിതർക്കുള്ള വീടുകളുടെ നറുക്കെടുപ്പ് ഇന്ന്

ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന തരത്തിലാണ് വീടുകളുടെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ടൗൺഷിപ്പിൽ റോഡുകൾ, കുടിവെള്ള സംവിധാനം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്

author-image
Devina
New Update
town

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. സുതാര്യത ഉറപ്പാക്കുക ലക്ഷ്യമിട്ട് ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തെരഞ്ഞെടുക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.ദുരന്തത്തിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കാണ് മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്. ഏഴ് സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് കിടപ്പുമുറികളോട് കൂടിയ വീടുകളാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നത്.

ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന തരത്തിലാണ് വീടുകളുടെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ടൗൺഷിപ്പിൽ റോഡുകൾ, കുടിവെള്ള സംവിധാനം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.കൽപ്പറ്റ ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം പൂർത്തിയായ മോഡൽ ടൗൺഷിപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആകെ 327 ഗുണഭോക്താക്കൾക്ക് വരുന്ന കാലവർഷത്തിന് മുൻപായി വീടുകൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 25-ന് പ്രത്യാശയുടെ പുതിയ വെളിച്ചമാണ് വയനാട്ടിന്റെ മണ്ണിൽ തെളിയുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.