/kalakaumudi/media/media_files/2025/12/07/thangal-2025-12-07-12-40-37.jpg)
കോഴിക്കോട്: മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന വിഷയത്തില്‍ മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മകളുടെ നിലപാട് കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായി യോജിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമില്‍ ഹജ്ജ് കര്‍മത്തിലടക്കം സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ടെരിക്കെ, പള്ളികളില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് ഫാത്തിമ വാദിച്ചിരുന്നു. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് ചിലര്‍ ഉണ്ടാക്കിയെടുത്തതാണെന്നും, വരും കാലത്ത് ഇതില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും യാഥാസ്ഥിതിക വിഭാഗത്തില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുനവ്വറലി തങ്ങള്‍ പ്രതികരണവുമായി എത്തിയത്.
മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യത്തില്‍ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മകളുടെ മറുപടിയെ, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16 കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
