ആലപ്പുഴ മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിയായ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ (39) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ കുട്ടികൃഷ്ണന്(60) വധശിക്ഷ ലഭിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് പ്രതിയെ ശിക്ഷിച്ചത്.2004 ഏപ്രില്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഒന്നേകാല്‍ വയസുള്ള മകളുടെ മുന്നിലിട്ടായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്. 20 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.വിവാഹശേഷം മാന്നാര്‍ ആലുംമൂട് ജംഗ്ഷന് സമീപം വീട് വാങ്ങി ജയന്തിയുമൊത്ത് താമസിക്കുകയായിരുന്നു കുട്ടികൃഷ്ണന്‍. ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ കുഞ്ഞുമായി മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023ലാണ് വീണ്ടും പിടികൂടിയത്. കൊലപാതകം നടന്ന വീടും വസ്തുവും വീറ്റ പണവുമായിട്ടാണ് നാടുവിട്ടത്. വള്ളികുന്നം മൂന്നാം വാര്‍ഡില്‍ രാമകൃഷ്ണ ഭവനത്തില്‍ പരേതനായ രാമകൃഷ്ണകുറുപ്പിന്റെയും ശങ്കരിയമ്മയുടെയും ഇളയമകളായിരുന്നു ജയന്തി. ബിഎസ്സി പാസായി നില്‍ക്കുമ്പോഴായിരുന്നു ഗള്‍ഫുകാരനായ കുട്ടികൃഷ്ണനുമായുള്ള വിവാഹം.