ആലപ്പുഴ: ചേർത്തലയിൽ മാതാവും ആൺസുഹൃത്തും ചേർന്ന് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിൻറെ അമ്മയായ ആശ മനോജിന്റെ ആൺ സുഹൃത്തായ രതീഷ് ഒറ്റയ്ക്കാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. വീട്ടിൽ എത്തിച്ച ശേഷം രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
പ്രസവസമയത്ത് ആശക്കൊപ്പം ആശുപത്രിയിൽ നിന്നത് രതീഷ് ആയിരുന്നു. ഓഗസ്റ്റ് 31 നാണ് ഇരുവരും ആശുപത്രി വിടുന്നത്. ആശയാണ് കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയിൽ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്. എന്നാൽ കുഞ്ഞിനെ അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.
അതേ സമയം കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം. കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാനും പൊലിസ് തീരുമാനിച്ചു. ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാർഡ് മെമ്പർ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതിൽ കുട്ടിയെ വളർത്താൻ മറ്റൊരാൾക്ക് നൽകി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആൺ സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുട്ടിയെ കൊന്ന് രതീഷിന്റെ വീട്ട് വളപ്പിൽ കുഴിച്ച് മൂടിയെന്ന വിവരം ലഭിച്ചത്.
കുഞ്ഞിൻറെ മൃതദേഹം യുവതിയുടെ ആൺ സുഹൃത്തിൻറെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.