തൃക്കാക്കര: തൃക്കാക്കര വൈസ്.ചെയർമാൻ പദവി സംബന്ധിച്ച് യു.ഡി.എഫ് താനുമായുണ്ടാക്കിയ കരാർ പാലിച്ചില്ലെന്ന് മുസ്ലിം ലീഗ് കൗൺസിലർ പൊട്ടിത്തെറിച്ചു. 23 ന് നടക്കുന്ന വൈസ്.ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ജില്ലാ നേതൃത്വം വിളിച്ചുചേർത്ത പാർലിമെന്ററി പാർട്ടി യോഗത്തിലാണ് മുസ്ലിം ലീഗ് കൗൺസിലർ ടി.ജി ദിനൂപ് നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.തനിക്ക് വൈസ്.ചെയർമാൻ പദവി അവസാനത്തെ ഒരുവർഷം നൽകാമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് നേതൃത്വവുമായുണ്ടാക്കിയ കരാർ.എന്നാൽ അതിൽ നിന്നും അഞ്ചുമാസം സ്വതന്ത്ര കൗൺസിലർ ഷാന അബ്‌ദുവിന് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്. എറണാകുളം ഡി.സി.സി ഓഫിസിൽ ചേർന്ന
യോഗത്തിലാണ് കൗൺസിലർ തന്റെ നിലപാട് വ്യക്തമാക്കിയത്.
# വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി സ്വതന്ത്രന് നൽകി മെരുക്കാനുള്ള നീക്കം പാളി
യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്ര കൗൺസിലർ ഇ.പി ഖാദർ കുഞ്ഞിന് കോൺഗ്രസ് എ ഗ്രൂപ്പ് കൈയാളുന്ന വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി നൽകി കൂടെ നിർത്താനായിരുന്നു ഡി.സി.സിയുടെ തന്ത്രം പാളി.യോഗത്തിൽ ചെയർപേഴ്സൻ രാധാമണി പിള്ള,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സ്മിത സണ്ണി,നൗഷാദ് പല്ലച്ചി,സോമി റെജി,സുനീറ ഫോറോസ്,കൗൺസിലർമാരായ വി.ഡി സുരേഷ്,ജോസ് കളത്തിൽ,എം.ഓ വർഗ്ഗിസ് ഉൾപ്പടെ കോൺഗ്രസിലെ എട്ട് കൗൺസിലർമാരും മുസ്ലിം ലീഗിലെ എ.എ ഇബ്രാഹിം കുട്ടി,സജീന അക്ബർ എന്നിവരും വിട്ടുനിന്നതോടെ ഈ ശ്രമം വേണ്ടെന്ന് വക്കുകയായിരുന്നു.
എന്നാൽ യോഗത്തിൽ കൗൺസിലർമാർ ഒന്നടങ്കം വിട്ടുനിന്നത് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വെട്ടിലാക്കിയിരിക്കുകയാണ്.യു.ഡി.എഫിലെ തർക്കം മൂലം വൈസ്.ചെയർമാൻ സ്ഥാനം യു.ഡി.എഫിന് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത് വൈസ്.ചെയർമാൻ പദവി സംബന്ധിച്ച്.മുസ്ലിം ലീഗും,സ്വതന്ത്ര കൗൺസിലർ ഷാനയുമായുണ്ടാക്കിയ കരാർ നടപ്പിലാക്കുമ്പോൾ ചെയർപേഴ്സൻ ഉൾപ്പടെ കോൺഗ്രസ് കൗൺസിലർമാരെ അറിയിച്ചിരുന്നില്ല. 43 അംഗ കൗൺസിലിൽ 4 സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് തൃക്കാക്കരയിൽ ഭരണം നടത്തുന്നത്.
# വൈസ്.ചെയർമാൻ തിരഞ്ഞെടുപ്പ് വിപ്പ് നൽകി
ഈ മാസം 23 ന് നടക്കുന്ന വൈസ്.ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര കൗൺസിലർ ഷാന അബ്‌ദുവിന് വോട്ട് ചെയ്യണമെന്ന വിപ്പാണ് നൽകിയത്. പാർലിമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാത്ത കൗണ്സിലര്മാർക്ക് വിപ്പ് നൽകുന്നതിന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളിയെ നേതൃത്വം ചുമതലപ്പെടുത്തി.