ഇനി ഒരു പിണറായി വിജയന്‍ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് ഗോവിന്ദന് ആഗ്രഹം: ബിഷപ്പ് പാംപ്ലാനി

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ ഒരു നിലപാടും അവര്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്ത തലശേരി ആര്‍ച്ച് ബിഷപ്പ് അവസരവാദിയാണെന്ന് എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു

author-image
Biju
New Update
PAMPLA

കൊച്ചി: ഗോവിന്ദച്ചാമി സംസാരിക്കുന്നതു പോലെ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്‍ സംസാരിക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ ഒരു നിലപാടും അവര്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്ത തലശേരി ആര്‍ച്ച് ബിഷപ്പ് അവസരവാദിയാണെന്ന് എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. 

''സഭാ പിതാക്കന്മാര്‍ക്ക് പ്രസ്താവനയിറക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുവാദം ആവശ്യമില്ല. സഭയ്ക്ക് സഭയുടേതായ നിലപാടുകളുണ്ടെന്നും അത് എവിടേയും സ്വതന്ത്രമായി പറയുന്നതിനുള്ള ആര്‍ജവത്വവും സ്വാതന്ത്ര്യവും സഭയ്ക്കുണ്ട്. സിപിഎം പോലുള്ള ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സംസാരിക്കുമ്പോള്‍ കുറച്ചുകൂടി മാന്യമായും ബോധപൂര്‍വവും സംസാരിക്കണം. ഇനി ഒരു പിണറായി വിജയന്‍ സര്‍ക്കാര്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ടായിരിക്കാം ഇത്തരമൊരു പ്രസ്താവന നടത്തിയത്''ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു.

ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ തലശേരി അതിരൂപത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടും ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണ് എന്ന് അതിരൂപത പ്രതികരിച്ചിരുന്നു.