/kalakaumudi/media/media_files/2025/03/11/GGnuGTiGFcFXHY7LFDi4.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി വിഎസ് അച്യുതാനന്ദന്‍ തുടരും. പാര്‍ട്ടി പത്രത്തിലെ അഭിമുഖത്തില്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വിശദീകരിച്ചത്. വിഎസിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. സുഖമില്ലായ്മ കാരണം വീട്ടിലാണ് കഴിയുന്നതെങ്കിലും വിഎസിനെ ആദരവ് എന്ന നിലയില്‍ സംസ്ഥാന ഘടകത്തില്‍ നിലനിര്‍ത്തണമെന്നായിരുന്നു ആവശ്യം. ഇതാണ് എംവി ഗോവിന്ദന്‍ അംഗീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി വാങ്ങിയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വിശദീകരണം നടത്തുന്നത്.
''വി എസ് അച്യുതാനന്ദനെ അവഗണിച്ചുവെന്ന് വാര്‍ത്തയെഴുതിയത് തനി തോന്ന്യാസമാണ്. ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടറിയറ്റില്‍നിന്നും ഒഴിഞ്ഞവരില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്.
75 വയസ് പിന്നിട്ട അവര്‍ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കഴിഞ്ഞശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍ വി എസ് ആണ്. പാര്‍ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകുമെന്ന് ഗോവിന്ദന്‍ പറയുന്നു.
പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാകുന്നവരെ കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ അതത് പാര്‍ടി സെന്ററുകളില്‍ പ്രവര്‍ത്തിപ്പിക്കാനാകും. അവരുടെ കഴിവും സേവനവും പരമാവധി പാര്‍ട്ടിക്കായി ഉപയോഗിക്കും. അവരെ പൂര്‍ണമായും പാര്‍ടിയുടെ ഭാഗമാക്കുക എന്നതാണ് നിലപാട്. ഒഴിവാക്കുക എന്നതല്ല. എസ് രാമചന്ദ്രന്‍പിള്ള അടക്കമുള്ളവര്‍ പാര്‍ടിക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കുന്ന അനുഭവം നമുക്ക് മുന്നിലുണ്ട്''-എം വി ഗോവിന്ദന്‍ പറഞ്ഞു. നിഷേധാത്മക നിലപാട് സ്വീകരിച്ച മാധ്യമങ്ങള്‍ക്കും സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ ജനമുന്നേറ്റം മറച്ചുവയ്ക്കാനായില്ലെന്ന് സംസ്ഥാന സെക്രട്ടറി വിശദീകരിക്കുന്നു.
സമ്മേളനത്തിന്റെ തുടക്കത്തില്‍ നൂറുശതമാനം നിഷേധാത്മക സമീപനമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ സ്വീകരിച്ചത്. അവര്‍ക്കും സമാപനദിവസത്തെ ജനമുന്നേറ്റത്തെ പ്രതിഫലിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മറിച്ചായാല്‍, അത് ജനം അംഗീകരിക്കില്ലെന്ന് അവര്‍ക്ക് മനസ്സിലായി. പോസിറ്റാവായും നെഗറ്റീവായും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. പോസിറ്റീവായത് മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും എം വി ഗോവിന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞു.
സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനല്‍ അവതരിപ്പിച്ചത് വിവാദമായിരുന്നു. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയവരില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിനെ ഒഴിവാക്കിയതു സമ്മേളനത്തിലും ചര്‍ച്ചയായി.
മുന്‍മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. എന്നും വിഎസിനൊപ്പം നിന്ന നേതാവാണ് മേഴ്‌സിക്കുട്ടിയമ്മ. വിഎസ് അച്യുതാനന്ദനൊപ്പം നിന്നിരുന്ന പലരേയും യോഗ്യതയുണ്ടായിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിലും എടുത്തില്ല.