/kalakaumudi/media/media_files/2025/06/23/govindanfg-2025-06-23-17-26-05.jpg)
തൃശൂര്‍: അമേരിക്കയെ കവച്ചുവയ്ക്കുന്ന രീതിയില്‍ ചൈന സാമ്പത്തിക ശക്തിയായി മുന്നേറുന്നത് നമുക്ക് അഭിമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരുവ യുദ്ധത്തില്‍ ചൈന അമേരിക്കയെ മുട്ടുകുത്തിച്ചു. എഐ ഉള്‍പ്പെടെയുള്ള സകല മേഖലകളിലും മുന്നേറിയ ചൈനയുടെ വിജയമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരുവ വര്‍ധിപ്പിച്ച അമേരിക്കയുടെ നിലപാടില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിധേയപ്പെട്ടു നിന്നപ്പോള്‍ ചൈനയ്ക്കു മാത്രമാണ് ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞത്. ഇത് സോഷ്യലിസത്തിന്റെ കരുത്താണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെയും കടലോര ജനതയെയും ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആഗോള കുത്തകകളെ സഹായിക്കുന്ന നിലപാടുമായാണു മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളും അവിശ്വാസികളും ഒന്നിച്ച് നേരിട്ടാല്‍ മാത്രമേ വര്‍ഗീയ ഭ്രാന്തിനെ തോല്‍പിക്കാന്‍ സാധിക്കുകയുള്ളുവെന്നും പറഞ്ഞു.