തിരുവനന്തപുരം: നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ വ്യക്തികളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റാനിടയാകുന്ന ശൈലി മാറ്റണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ശൈലിയെ കുറിച്ചാണ് കേന്ദ്ര കമ്മിറ്റി പറഞ്ഞതെന്ന വിലയിരുത്തൽ വേണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
നേതാക്കളുടെ ധാർഷ്ട്യമടക്കം തോൽവിക്കിടയാക്കിയ കാരണങ്ങൾ സിപിഎം കേന്ദ്ര കമ്മിറ്റി കണ്ടുപിടിച്ചതല്ല. സംസ്ഥാന കമ്മിറ്റി കണ്ടെത്തി റിപ്പോർട്ട് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളക്കളഞ്ഞെന്ന വാർത്ത മാധ്യമങ്ങൾ നൽകിയതെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നും ഗോവിന്ദൻ പറഞ്ഞു. സെൻട്രൽ കമ്മിറ്റി പരസ്യമായി പറഞ്ഞ കാര്യമാണ് തോമസ് ഐസക് ഫെയ്‌സ്ബുക്കിൽ വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്‌നങ്ങളുമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഈ പ്രചാരവേല. ഇപ്പോൾ എസ്എഫ്‌ഐക്കെതിരെയാണ് പ്രചാരവേല. എസ്എഫ്‌ഐക്ക് വരുന്ന ചെറിയ വീഴ്ച അവർ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
'ഏതെങ്കിലും കോളേജിലുണ്ടാകുന്ന ഏതെങ്കിലും പ്രശ്‌നങ്ങൾ പർവതീകരിച്ച് എസ്എഫ്‌ഐയെ തകർക്കാൻ ശ്രമിക്കുന്നു. തെറ്റുകൾ ന്യായീകരിക്കില്ല. തിരുത്തേണ്ടത് തിരുത്തണം. എല്ലാതരം അക്രമങ്ങളേയും പ്രോത്സാഹിപ്പിച്ചിട്ടുള്ള, തോക്ക് രാഷ്ട്രീയത്തിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ഇപ്പോൾ ആദർശ പ്രസംഗം നടത്തുന്നത്. അതിന് മാധ്യമങ്ങൾ ഒത്താശ ചെയ്യുന്നു. വിദ്യാർഥികൾ അധ്യാപകർക്ക് നേരെ നടത്തുന്നതും അധ്യാപകർ വിദ്യാർഥികൾക്ക് നേരെ നടത്തുന്നതുമായ കൈയേറ്റങ്ങൾ തെറ്റായ പ്രവണതയാണെന്ന് അവതരിപ്പിക്കാനാകണം. ഏകപക്ഷീയമാകരുത് അത്തരം കാര്യങ്ങളിലെ സമീപനം. കുട്ടികൾ വിളിക്കുന്ന മുദ്രവാക്യങ്ങളുടെ ഭാഗമായ പദപ്രയോഗങ്ങളേക്കാൾ എത്ര വലിയ പദപ്രയോഗമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ പറഞ്ഞത്. ഇപ്പോൾ അവർ എസ്എഫ്‌ഐ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു', എം.വി.ഗോവിന്ദൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
