ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണിറ്റിലെറിഞ്ഞ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണിറ്റിലെറിഞ്ഞു ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത കൂടുന്നു. കേസില്‍ കുഞ്ഞിന്റെ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിലാണ്.കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്നു അമ്മാവന്‍ കുറ്റസമ്മതം നടത്തിയിരുന്നു

author-image
Rajesh T L
New Update
www

തിരുവനന്തപുരം  :ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണിറ്റിലെറിഞ്ഞു ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത കൂടുന്നു. കേസില്‍ കുഞ്ഞിന്റെ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്നു അമ്മാവന്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍,എന്തിനായിരുന്നു കൊലപ്പെടുത്തിയത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അച്ഛനെയും അമ്മൂമ്മയെയും കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇവര്‍ രണ്ടു പേരും മാത്രമാണ് കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. 

കുഞ്ഞിന്റെ അമ്മ ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അമ്പരപ്പിക്കുന്ന നിഗൂഡതയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിലുള്ളത്. ഹരികുമാറും ശ്രീതുവും നിഗൂഢ മനസ്സുള്ളവരാണ് എന്നാണ് പൊലീസ് പറയുന്നത്. വിചിത്രമായ ചില രീതികളും ഇരുവര്‍ക്കുമുണ്ട്. തൊട്ടടുത്ത മുറികളില്‍ താമസിച്ചുകൊണ്ട് ഇരുവരും വാട്‌സാപ്പില്‍ വീഡിയോ കോളുകള്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇതു സംബന്ധിച്ച പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഇരുവരും തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. 

മന്ത്രവാദവുമായി കുഞ്ഞിന്റെ കൊലപാതകത്തിനു ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതു മതപഠന ക്ലാസുകളില്‍ പങ്കെടുക്കുമായിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാര്‍. ശ്രീതുവിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ബാധ്യത മാറ്റാന്‍ ആഭിചാര ക്രിയകള്‍ നടത്തിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ക്രിയകള്‍ നടത്താന്‍ നിയോഗിച്ചത് ഹരികുമാറിനെയാണ്.സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം കുഞ്ഞിന്റെ ജനനമാണെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. 

ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കരിക്കകം സ്വദേശിയായ ദേവീദാസന്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശ്രീതുവുമായി മതപരമായി വിഷയങ്ങളില്‍ ദേവീദാസന് ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ശ്രീതുവിന്റെ ഗുരുവാണിയാള്‍. ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്ക് നല്‍കിയെന്നും ഈ പണം തട്ടിച്ചതായും പേട്ട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. 

കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ശ്രീജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.പുലര്‍ച്ചെ കുഞ്ഞിനെ കാണാതായ സമയത്ത് ഹരികുമാറിന്റെ മുറിക്കുള്ളില്‍ തീ കത്തിച്ചതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ശ്രീതുവും ഹരികുമാറും നിസ്സംഗരായാണ് നിന്നിരുന്നതെന്ന് നാട്ടുകാര്‍  പറയുന്നു. മാത്രമല്ല,ഹരികുമാറിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു ശ്രീതുവിന്റെ ആദ്യ മൊഴികള്‍.അതിനാല്‍,ശ്രീതുവും സംശയനിഴലിലാണ്. 

അതിനിടെ,ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറല്‍ എസ്പി കെ.എസ് സുദര്‍ശന്‍ പറഞ്ഞു.കേസില്‍ അന്വേഷണം തുടരുകയാണ്. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ല.ഫോണ്‍ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കും.ശ്രീതുവിന്റെയും ഹരികുമാറിന്റെയും  വാട്‌സ്ആപ്പ് സന്ദേശങ്ങളേകുറിച്ചും അന്വേഷിക്കും. 

ശ്രീതുവിന്റെയും ഹരികുമാറിന്റെയും നഷ്ടമായ വാട്‌സ്ആപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കും.കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നുള്ളതില്‍ അന്വേഷണം തുടരുകയാണ്.ഏതെങ്കിലും ആത്മീയ ആചാര്യന് പങ്കുണ്ടോ എന്നുള്ളതില്‍ കൂടുതല്‍ അന്വേഷണം വേണം.പ്രതി ഹരികുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി പുറത്ത് പറയുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്നും എസ്പി പറഞ്ഞു.

കട്ടില്‍ കത്തിയതിലും കുരുക്കിട്ട കയറിലും പ്രതി പറഞ്ഞ കാര്യങ്ങളിലും പരിശോധന വേണം.പ്രതി പറഞ്ഞ കാര്യങ്ങളില്‍ സാഹചര്യ തെളിവുകള്‍ കൂടി കണക്കിലെടുത്ത് അന്വേഷണം വേണം. ഹരികുമാറിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും എസ് പി വ്യക്തമാക്കി.

Crime News crime investigation neyyatinkara