തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോര് അസാധാരണ തലത്തിൽ എത്തിയിരിക്കുന്നു. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്. ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നല്കണം എന്നാവശ്യപ്പെട്ടാണ് പ്രശാന്ത് കത്തു നല്‍കിയത്.കത്തിന് മറുപടി തന്നാലേ ചാര്‍ജ് മെമ്മോക്ക് മറുപടി നല്കൂ എന്നാണ് പ്രശാന്തിന്റെ നിലപാട്.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായവകുപ്പ് ഡയറക്ടർ ആയിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. തൊട്ടു പിന്നാലെ ചീഫ് സെക്രട്ടറി അയച്ച ചാർജ് മെമ്മോയ്ക്കാണ് പ്രശാന്ത് വിശദീകരണം ചോദിച്ചിരിക്കുന്നത്.
തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥരായ ജയതിലകും ഗോപാലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്?. സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തിന്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?. ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു.
കഴിഞ്ഞ 16 നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതെങ്കിലും ഇതുവരെ മറുപടി ഒന്നും നൽകിയിട്ടില്ല.ചാർജ് മെമ്മോയ്ക്ക് മറുപടിയായി ചിഫ് സെക്രട്ടറിയോട് തിരിച്ച് ഒരു ഉദ്യോഗസ്ഥൻ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്. ഇതിൽ കൂടുതൽ രോക്ഷത്തിലാണ് സർക്കാർ.