മലക്കംമറിഞ്ഞ് സുകുമാരന്‍ നായര്‍; അയ്യപ്പസംഗമത്തില്‍ പിണറായിക്കൊപ്പം

പരിപാടിയില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്. കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിറണായി സര്‍ക്കാറിന്റെ നടപടിയെ പ്രശംസിക്കാനും മറന്നില്ല

author-image
Biju
New Update
SUKU

തിരുവനന്തപുരം: ശബരിമല വികസനം ലക്ഷ്യമിട്ട് ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ നിലപാട് മാറ്റി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പരിപാടിയില്‍ നിന്നും വിട്ടുനിന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്. 
കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിറണായി സര്‍ക്കാറിന്റെ നടപടിയെ പ്രശംസിക്കാനും മറന്നില്ല. 

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായര്‍ പിണറായ സര്‍ക്കാറിനെ പ്രശംസിച്ചും പ്രതി പക്ഷത്തെ വിമര്‍ശിച്ചും രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് എന്‍എസ്എസിന്റെ ലക്ഷ്യമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നപ്പോള്‍ നാമജപഘോഷയാത്രയുമായി ആദ്യം പ്രതിഷേധം നടത്തിയത് എന്‍എസ്എസ് ആണ്. കോണ്‍ഗ്രസും ബിജെപിയും തുടക്കത്തില്‍ അതില്‍ പങ്കുചേര്‍ന്നില്ല. വിശ്വാസികള്‍ കൂട്ടമായി എത്തിയതോടെ അവര്‍ അതിന്റെ ഭാഗമാകുകയായിരുന്നു.

സുപ്രീം കോടതി വിധി ആചാരങ്ങള്‍ക്ക് എതിരാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ യുവതി പ്രവേശനത്തില്‍ നിര്‍ബന്ധം പിടിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല.

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കുമെന്നും, ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും ആചാരം ലംഘിക്കുന്ന ഒന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ എന്‍എസ്എസിന് ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഈ ഉറപ്പ് നല്‍കിയത്. അതുകൊണ്ടാണ് ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചതെന്നും സര്‍ക്കാര്‍ അവരുടെ നിലപാട് തിരുത്തുമ്പോള്‍ എന്‍എസ്എസ് സഹകരിക്കേണ്ടതുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പശ്ചാത്തപമായി കാണുന്നില്ല, തെറ്റുതിരുത്തുക മാത്രമാണ് ഉണ്ടായതെന്നും സര്‍ക്കാരിന് ഈ പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബിജെപിയും പരിപാടി ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു. ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകുമെന്നും സുകുമാരന്‍ നായര്‍ അഭിമുഖത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ അയ്യപ്പ സംഗമം പൊളിഞ്ഞുവെന്ന് പ്രതിപക്ഷം നിലപാട് കൈക്കൊള്ളുമ്പോഴാണ് സുകുമാരന്‍ നായര്‍ അനൂകൂല നിലപാടുമായി രംഗത്തുവരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സുകുമാരന്‍ നായര്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തില്ലെങ്കിലും എന്‍എസ്എസിന്റെ പ്രതിനിധിയെ അയച്ചിരുന്നു. എസ്എന്‍ഡിപി യോഗത്തെയും എന്‍എസ്എസിനെയും ഒരേവേദിയില്‍ അണിനിരത്താനായത് നേട്ടമായി എന്നാണ് അയ്യപ്പ സംഗമത്തില്‍ സര്‍ക്കാര്‍ പറയുന്നത്. വേലയില്‍ വെള്ളാപ്പള്ളിയും എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറും എത്തിയിരുന്നു.

അതിനിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സമീപനാണ് കൈക്കൊണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിക്കുന്നത്. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടും. ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നു. ധിക്കാരിയായ നേതാവായി വിഡി സതീശന്‍.

nss