സുകുമാരന്‍ നായര്‍ക്കെതിരെ നായര്‍ ഐക്യവേദി

സമുദായ നന്മയ്ക്കായല്ല ഇന്നത്തെ എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും സംഘാടകര്‍ ആരോപിച്ചു

author-image
Biju
New Update
nair

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി. ആലപ്പുഴ വള്ളികുന്നത്ത് വിവിധ നായര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു. 

സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെയും സംഗമം പ്രതിഷേധമറിയിച്ചു. എന്‍എസ്എസിന്റെ സമീപകാല നിലപാടിനെതിരെയായിരുന്നു വള്ളികുന്നം വിദ്യാധിരാജാപുരത്ത് നായര്‍ ഐക്യവേദിയുടെ നേതൃസംഗമം. സമുദായ നന്മയ്ക്കായല്ല ഇന്നത്തെ എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും സംഘാടകര്‍ ആരോപിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയായിരുന്നു രൂക്ഷ വിമര്‍ശനം.

ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാനോ നടപ്പാക്കാനോ തയ്യാറായിട്ടില്ലെന്ന് നേതൃത്വം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്തി പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷനെ. 

സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും നേതൃസംഗമത്തില്‍ തീരുമാനമായി. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നായര്‍ സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. എന്‍എസ്എസിന് ബദലായി സമുദായ അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നായര്‍ ഐക്യവേദി ലക്ഷ്യമിടുന്നത്.