മുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ദുരന്തത്തില്‍ കേരളത്തെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ദുരന്തബാധിതര്‍ക്ക് ഒപ്പമാണെന്നും പുനരധിവാസത്തിന് പണം തടസമാകില്ലെന്നും സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചശേഷം ചേര്‍ന്ന വയനാട് കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നോ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുമെന്നോ പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.
നൂറുകണക്കിന് ആളുകളുടെ സ്വപ്‌നമാണ് തകര്‍ന്നത്. ദുരന്തബാധിതരോടൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. രാജ്യം ദുരന്തബാധിതര്‍ക്കൊപ്പമാണ്.പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. അതിന്പ ണം ഒരു തടസ്സമാകില്ല. കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചുനിന്നു. എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നല്‍കാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണം. കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അവലോകന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, കലക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെങ്കില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരം കോടി രൂപയുടെ അടിയന്തര സഹായം നല്‍കണമന്നാണ് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്ത് തീരുമാനം എടുക്കുമെന്ന് ഇനി കാത്തിരുന്നു കാണണം.
ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി വയനാട്ടില്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കണ്ണൂരിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തി. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരന്തഭൂമിയില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം അദ്ദേഷം ചൂരല്‍മലയിലെ ദുരന്തഭൂമി നടന്നു കണ്ടു. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം കടന്നും പ്രധാനമന്ത്രി നടന്നു. തുടര്‍ന്ന് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെയും പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് അവലോകന യോഗത്തിനായി എത്തിയത്.
രാജ്യം ദുരന്തബാധിതര്‍ക്കൊപ്പമുണ്ട്: പ്രധാനമന്ത്രി
പുനരധിവാസത്തിന് പണം തടസമാകില്ലെന്നും സഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചശേഷം ചേര്‍ന്ന വയനാട് കലക്ടറേറ്റില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
New Update
00:00
/ 00:00