/kalakaumudi/media/media_files/2025/05/04/89Nvby0WSUzJRUzL6wpW.jpeg)
പറവൂർ: പുതിയ ദേശീയപാത 66ന്റെ നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മൂത്തകുന്നം - കോട്ടപ്പുറം പാലത്തിൽ സ്‌റ്റീൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. 2026 ഏപ്രിൽ മാസത്തോടെ മൂത്തകുന്നം - ഇടപ്പള്ളി റീച്ചിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം. കോൺക്രീറ്റ് ഗർഡറുകൾ കൊണ്ടുള്ള പാലം നിർമ്മാണം പൂർത്തിയാകാൻ മാസങ്ങൾ വേണ്ടി വരുന്നതിനാലാണ് സ്റ്രീൽ ഗർഡറുകൾ സ്ഥാപിക്കുന്നത്. സ്റ്രീൽ ഗർഡറുകൾ നിർമ്മിച്ച ശേഷം വലിയ ക്രെയിൻ ഉപയോഗിച്ച് പാലത്തിന്റെ തൂണുകളിൽ ഘടിപ്പിക്കും. ഇതിനുമേൽ കോൺക്രീറ്റിംഗ് നടത്തും. മൂത്തകുന്നം - വലിയ പണിക്കൻതുരുത്ത്, വലിയ പണിക്കൻതുരുത്ത് - കോട്ടപ്പുറം എന്നീ രണ്ട് പ്രധാന പാലങ്ങൾ എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്. വരാപ്പുഴ പാലം നിർമ്മാണത്തിൽ സ്‌റ്റീൽ ഗർഡറുകൾക്ക് പകരം കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിച്ചത്.
കോട്ടപ്പുറം കായലിൽ നിന്ന് മണ്ണ് ഡ്രഡ്‌ജിംഗ് തുടങ്ങി
കോട്ടപ്പുറം കായലിൽ ഡ്രഡ്ജ് ചെയ്യാനുള്ള അനുമതി ലഭിച്ചതോടെ മണ്ണ് എടുത്ത് തുടങ്ങി. ഒരു ദിവസം ആറായിരത്തിലധികം അടി മണ്ണാണ് ഇപ്പോൾ ലഭിക്കുന്നത്. ഇപ്പോൾ പുഴയോരത്ത് സംഭരിക്കുന്ന മണ്ണ് മഴക്കാലം കഴിഞ്ഞാൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കും. മഴക്കാലത്തിന് ശേഷം പുഴയിലെ ഒഴുക്ക് കുറയുന്നതോടെ കൂടുതൽ മണ്ണ് ലഭിക്കും. എങ്കിലും മൂത്തകുന്നം - ഇടപ്പള്ളി റീച്ചിലെ മുഴുവൻ റോഡുകൾക്കുമുള്ള മണ്ണ് ഇവിടെ നിന്ന് ലഭിക്കില്ല. വരാപ്പുഴ പുഴയിൽ നിന്നും മണ്ണ് ഡ്രജിംഗിനുള്ള അനുമതിക്കായി കരാർ കമ്പനി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ കിഴക്കൻ മേഖലകളിൽ നിന്നും മണ്ണ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
അനുമതി വേണം ക്വാറിക്കും മേൽപ്പാലത്തിനും
തമിഴ്നാട്ടിൽ നിന്ന് മൂന്നിരട്ടി ചെലവിലാണ് നിലവിൽ കരിങ്കൽ കൊണ്ടുവരുന്നത്. കരാറുകാരായ ഓറിയന്റൽ സ്ട്രക്‌ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കല്ലെടുക്കാൻ ഇതുവരെ ക്വാറി ലഭിച്ചിട്ടില്ല. ചാലക്കുടിയിൽ സർക്കാർ അനുവദിച്ച ക്വാറിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് നീണ്ടുപോകാൻ കാരണം. ചാലക്കുടിയിൽ സ്ഥാപിച്ച ക്രഷർ യൂണിറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാനും കഴിഞ്ഞിട്ടില്ല. തൃശൂർ ജില്ലാകളക്ടറാണ് ക്വാറിക്കുള്ള അനുമതി നൽക്കേണ്ടത്.
ഇടപ്പള്ളി റെയിൽവേ മേൽപ്പാലത്തിനുള്ള അനുമതിയും ലഭിച്ചിട്ടില്ല. ഒരുമാസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് സൂചന. പാലം നിർമ്മിക്കുമ്പോൾ ട്രെയിൻ ഗതാഗതം തടസപ്പെടും. അതിനാൽ ട്രെയിൻ സർവീസിന്റെ സമയക്രമം പരിഗണിച്ചതിന് ശേഷമേ മേൽപ്പാലം നിർമ്മാണത്തിന് അനുമതി ലഭിക്കൂ.
നിലവിലെ ദേശീയപാത റോഡുകൾ പലഭാഗത്തും തകർന്ന് കിടക്കുകയാണ്. മഴക്കാലമായതിനാൽ ടാറിംഗ് നടത്താനാകില്ല. മഴ കുറയുമ്പോൾ പൊടി പറക്കുന്നതിനാൽ ജി.എസ്.ബി മിശ്രിതം ഉപയോഗിച്ച് കുഴിയടക്കാൻ നാട്ടുകാർ സമ്മതിക്കുന്നില്ലെന്ന് കരാറെടുത്ത ഓറിയന്റൽ സ്ട്രക്‌ചറൽ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.