ദേശീയ ജലപാത യാഥാര്‍ത്ഥ്യമാകാന്‍ വൈകും

ആക്കുളംമുതല്‍ കൊല്ലംവരെ 58 കിലോമീറ്ററും തൃശ്ശൂര്‍ കോട്ടപ്പുറംമുതല്‍ ചേറ്റുവവരെ 57 കിലോമീറ്ററുമാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചു നവീകരിക്കുന്നത്. കൊല്ലംമുതല്‍ തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പുറംവരെ 138 കിലോമീറ്റര്‍ കനാല്‍ ദേശീയ ജലപാതയുടെ ഭാഗമാണ്.

author-image
Biju
New Update
jalapatha

തിരുവനന്തപുരം : സെപ്റ്റംബറില്‍ ഗതാഗതയോഗ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാന ജലപാതയുടെ കമ്മിഷനിങ് ഇനിയും വൈകും. പദ്ധതിയുടെ ഒരു ഘട്ടം പോലും കമ്മിഷനിങ് ചെയ്യാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. ആദ്യഘ്ത്തില്‍ തിരുവനന്തപുരം ആക്കുളംമുതല്‍ തൃശ്ശൂര്‍ ചേറ്റുവവരെയുള്ള ഭാഗം സെപ്റ്റംബറില്‍ ഗതാഗതയോഗ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍മ്മാണം എങ്ങുമെത്താത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കോവളംമുതല്‍ ബേക്കല്‍വരെ 616 കിലോമീറ്റര്‍ ദൂരമുള്ള പശ്ചിമ ജലപാതയുടെ പ്രധാന ഭാഗമാണ് 253 കിലോമീറ്റര്‍ ദൂരംവരുന്ന ആക്കുളം-ചേറ്റുവ ഭാഗം.

2024 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പലയിടത്തും കനാലും കായലും ഡ്രെജ്ജിങ് നടത്തിയെടുക്കുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള തടസ്സങ്ങളുണ്ടായതോടെയാണ് പദ്ധതി വൈകിയത്. പണി പൂര്‍ത്തിയാകുന്നതോടെ ഇത്രയും ദൂരത്തില്‍ ചരക്കുഗതാഗതം സാധ്യമാകും. നിരവധി വിനോദസഞ്ചാരപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

ആക്കുളംമുതല്‍ കൊല്ലംവരെ 58 കിലോമീറ്ററും തൃശ്ശൂര്‍ കോട്ടപ്പുറംമുതല്‍ ചേറ്റുവവരെ 57 കിലോമീറ്ററുമാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചു നവീകരിക്കുന്നത്. കൊല്ലംമുതല്‍ തൃശ്ശൂര്‍ ജില്ലയിലെ കോട്ടപ്പുറംവരെ 138 കിലോമീറ്റര്‍ കനാല്‍ ദേശീയ ജലപാതയുടെ ഭാഗമാണ്. ഇവിടെ അഷ്ടമുടിക്കായലില്‍ പലയിടത്തും ഡ്രെജ്ജിങ് നടത്തി ആഴംകൂട്ടും. കൂടാതെ തൃക്കുന്നപ്പുഴ നാവിഗേഷന്‍ ലോക്ക് പുതുക്കിപ്പണിത് കായലിന് ആഴവും കൂട്ടും. പുതിയ പാലവും അപ്രോച്ച് റോഡുമുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫണ്ടുപയോഗിച്ച് സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് ഈ പണികള്‍ ചെയ്യുന്നത്.

കോട്ടപ്പുറംമുതല്‍ ചേറ്റുവവരെയുള്ള ഭാഗം ദേശീയ ജലപാതയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്രഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനംതന്നെ ഈ പാതയില്‍ െഡ്രജ്ജിങ് നടത്തും. ആക്കുളം- കൊല്ലം ഭാഗത്ത് വര്‍ക്കലയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ നിലവിലുള്ള കനാല്‍ വീതിയും ആഴവും കൂട്ടും. വര്‍ക്കലയില്‍ 1876-ല്‍ പണിത ചിലക്കൂര്‍ ടണലിന്റെയും 1878-ല്‍ പണിത ശിവഗിരി ടണലിന്റെയും ആഴംകൂട്ടലും വൃത്തിയാക്കലും അന്തിമഘട്ടത്തിലാണ്. 

പദ്ധതിയുടെ ഭാഗമായി നിലവിലുള്ളതിനു പുറമേ ആക്കുളംമുതല്‍ ചേറ്റുവവരെ പുതുതായി 12 ബോട്ടുജെട്ടികള്‍ നിര്‍മിക്കും. ചിറയിന്‍കീഴ് മുരുക്കുംപുഴയില്‍ ഹൗസ് ബോട്ടുകള്‍ അടുക്കാന്‍പറ്റുന്ന ടെര്‍മിനല്‍ ജെട്ടി പണിയും.

ജലപാതയുടെ അവശേഷിക്കുന്ന ഭാഗമായ കോവളംമുതല്‍ ആക്കുളംവരെയുള്ള 16.4 കിലോമീറ്റര്‍ വീതികൂട്ടാനായി സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. ചേറ്റുവമുതല്‍ കല്ലായിവരെയുള്ള ഭാഗത്ത് മലപ്പുറം ജില്ലയിലെ വെളിയംകോട് നാവിഗേഷന്‍ ലോക്ക്, കൂട്ടായി നാവിഗേഷന്‍ ലോക്ക് എന്നിവ പുതുക്കിപ്പണിയും. കല്ലായിമുതല്‍ ഇരഞ്ഞിക്കല്‍വരെ കനോലി കനാല്‍ വികസിപ്പിക്കാന്‍ 1118 കോടിയുടെ കിഫ്ബി പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇരഞ്ഞിക്കല്‍മുതല്‍ കുറ്റ്യാടിവരെ നിലവിലുള്ള കനാലിന്റെ ആഴംകൂട്ടും.

18 കിലോമീറ്റര്‍ ദൂരമുള്ള വടകര-മാഹി കനാല്‍ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മാഹിമുതല്‍ വളപട്ടണംവരെ പുഴകളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ച് 26 കിലോമീറ്റര്‍ കൃത്രിമ കനാല്‍ നിര്‍മിക്കാനായി ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നുണ്ട്.

വളപട്ടണംമുതല്‍ നീലേശ്വരംവരെ 60 കിലോമീറ്റര്‍ കായലും സുല്‍ത്താന്‍ കനാലുള്‍പ്പെടെ ചേര്‍ന്ന ഭാഗമാണ്. നീലേശ്വരംമുതല്‍ ബേക്കല്‍വരെ 6.5 കിലോമീറ്റര്‍ കൃത്രിമ കനാലുകൂടി നിര്‍മിക്കുമ്പോഴാണ് ജലപാത പൂര്‍ത്തിയാവുക. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഭൂമിയേറ്റെടുക്കലിനുള്‍പ്പെടെ 550 കോടി മുടക്കിയിട്ടുണ്ട്.