/kalakaumudi/media/media_files/2026/02/12/shivan-2026-02-12-11-03-42.jpg)
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം. ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
പണിമുടക്കിന് എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍ കുട്ടി സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ലോക്ഭവന്‍ മാര്‍ച്ചില്‍ നടന്നെത്തി.കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളും സ്വകാര്യബസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്സി, ഓട്ടോ തൊഴിലാളികളും പണിമുടക്കും. ഇതിനാല്‍ സംസ്ഥാനത്ത് പൊതുഗതാഗതം തടസ്സപ്പെടും. സ്വകാര്യവാഹനങ്ങള്‍ തടയില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളും പൂര്‍ണമായും സ്തംഭിക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം. പണിമുടക്കിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.
രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
