നവകേരള ബസ് ഇനി ഗരുഡ പ്രീമിയം, സര്‍വീസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ

ആധുനിക രീതിയില്‍ എയര്‍ കണ്ടിഷന്‍ ചെയ്‌തതാണ് ബസ്. 26 പുഷ് ബാക്ക് സീറ്റുകള്‍. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം.

author-image
Sukumaran Mani
New Update
Navakerala bus

Nava Kerala bus

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം : നവകേരള ബസ് ഇനി ഗരുഡ പ്രീമിയം ബസായി നിരത്തിലിറങ്ങും. മെയ് 5 മുതൽ ഗരുഡ പ്രീമിയം കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും. രാവിലെ 4.00 മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ്. ഇന്ന് വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് സർവീസായി പോകും.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ സി ബസുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്‌സും നൽകണം. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബെംഗളൂരു (സാറ്റെലൈറ്റ്, ശാന്തിനഗർ) എന്നിവയാണ് സ്റ്റോപ്പുകൾ.

ആധുനിക രീതിയിൽ എയർകണ്ടിഷൻ ചെയ്‌ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളുണ്ട്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ ബസിലുണ്ട്. യാത്രയ്ക്കി‌ടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവുമുണ്ട്. യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

ksrtc Nava Kerala bus