കോഴിക്കോട്: നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സര്‍വീസ് തുടങ്ങി. സര്‍വീസ് പുനരാരംഭിച്ച ദിനത്തില്‍ തന്നെ ബുക്കിങ് ഫുള്‍. കോഴിക്കോടു നിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നലെ രാവിലെ സര്‍വീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കിയിട്ടുണ്ട്. രാവിലെ 8.25നാണ് കോഴിക്കോടു നിന്നു സര്‍വീസ് തുടങ്ങുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്കു തിരിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നുവെങ്കിലും യാത്രക്കാരുടെ അഭാവം മൂലം സര്‍വീസ് റദ്ദാക്കി. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണു പുതുക്കി പണിതത്.
ചില മാറ്റങ്ങള്‍ വരുത്തിയാണ് ബസ് സര്‍വീസ് നടത്താനായി നിരത്തില്‍ ഇറക്കിയത്. 11 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ച് 37 സീറ്റാക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി.
സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞുതുടങ്ങുകയായിരുന്നു. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്‍വലിപ്പിച്ചത്. ഇതെല്ലാം പരിഹരിച്ചാണ് വീണ്ടും യാത്ര തുടങ്ങിയത്. ബസിന്റെ രണ്ടാം വരവില്‍ ബസിന്റെ യാത്രാ നിരക്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ ടിക്കറ്റ്, ബെംഗളൂരുവില്‍ നിന്നും: ബത്തേരി- 671 രൂപ, കല്‍പറ്റ 731 രൂപ, താമരശേരി 831 രൂപ, കോഴിക്കോട് 968 രൂപ. മൈസൂരുവില്‍ നിന്ന് കോഴിക്കോട് 560 രൂപ.