പത്തനംതിട്ട ∙ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയെ ഏൽപിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് നവീന്റെ കുടുംബം. നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന വാദമാണ് ഇപ്പോഴും കുടുംബത്തിന്റേത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയപ്പോൾ കേസിലെ പുരോഗതി കുടുംബത്തെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു.
എന്നാൽ അതുണ്ടായില്ല. എഡിഎമ്മിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി സഹോദരൻ പ്രവീൺ കഴിഞ്ഞ ഒക്ടോബറിൽ തന്നെ നൽകിയ പരാതിയുടെ കാര്യം തിരക്കിയപ്പോഴും നവീന്റെ കുടുംബത്തിനു കൃത്യമായ മറുപടി ലഭിച്ചില്ല. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്നെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ആവശ്യം കോടതി തള്ളിയതിൽ പ്രയാസമുണ്ടെന്നും അവർ പറഞ്ഞു.
എല്ലാ കാര്യങ്ങളും ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. കേരള പൊലീസിൽ നിന്ന് നീതി കിട്ടില്ല. പ്രധാന പ്രതികളെയെല്ലാം അവർ സംരക്ഷിക്കുകയാണ്. മറ്റു പലരും പ്രതിപ്പട്ടികയിൽ എത്തേണ്ടതുണ്ട്. കൂടെ നിൽക്കുന്നവരെ തളർത്തുകയെന്നതാണ് അവരുടെ ലക്ഷ്യമെന്ന് തോന്നുന്നു. കേസുമായി മുന്നോട്ടു പോകാതിരിക്കാനുള്ള ശത്രുക്കളുടെ തന്ത്രമായിട്ടാണ് ഇതിനെ കാണുന്നത്. രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് അറിയില്ലെന്നും മഞ്ജുഷ പറഞ്ഞു.
നവീന്റെ സഹോദരനെതിരെ വ്യാജ പ്രചാരണങ്ങളെന്ന് നവീന്റെ മകൾ
നവീൻ ബാബുവിന്റെ സഹോദരൻ പ്രവീണിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്ന് നവീൻ ബാബുവിന്റെ മകൾ നിരഞ്ജന. ഇക്കാര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. അദ്ദേഹവും മറ്റ് കുടുംബാംഗങ്ങളും ചർച്ച ചെയ്ത ശേഷമാണ് കേസിന്റെ മുന്നോട്ടുള്ള ഓരോ വിവരങ്ങളും തീരുമാനിക്കുന്നത്.
ഞങ്ങളെ മാനസികമായി തളർത്താനുള്ള ശ്രമമാണ് ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിൽ. അറിവില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും നിരഞ്ജന പറഞ്ഞു.