കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന്‍ ബാബുവിന്റേത് കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.
ആത്മഹത്യയാണെന്ന പോലീസ് നിഗമനം മുഖവിലക്കെടുക്കാനാകില്ല. ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളില്‍ പോലീസിന് വീഴ്ചയുണ്ടായി. താനോ ബന്ധുക്കളോ എത്തും മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്‍ക്വസ്റ്റ് നടപടികളുടെ തിടുക്കം സംശയം വര്‍ധിപ്പിക്കുന്നു. കുടുംബത്തിന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല.
ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സംരക്ഷിക്കണം. യാത്രയയപ്പ് പരിപാടിക്കു ശേഷം നവീനെ കണ്ടത് ആരൊക്കെയെന്ന് അന്വേഷിക്കണം. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യമായ അന്വേഷണം നടക്കുമെന്നു പ്രതീക്ഷ ഇല്ല. അതിനാല്‍ നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.