രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് ലഹരി ശൃംഖല കൊച്ചിയില്‍ പിടിയില്‍

1,127 എല്‍സ്ഡി സ്റ്റാംപുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും എന്‍സിബി പിടിച്ചെടുത്തു. സംഘാംഗമായ മൂവാറ്റുപുഴ സ്വദേശിയെയും ഇയാളുടെ സഹായിയെയും പിടികൂടിയതായാണ് സൂചന

author-image
Biju
New Update
darkwebda

കൊച്ചി: ഡാര്‍ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന്  ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ സിന്‍ഡിക്കറ്റിനെ പൂട്ടി എന്‍സിബി . എന്‍സിബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന 'ഓപ്പറേഷന്‍ മെലനി'ലാണ് വന്‍ ലഹരിമരുന്ന് സംഘം വലയിലായത്. ഡാര്‍ക്നെറ്റ് വഴി ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന സംഘത്തില്‍നിന്ന് വന്‍തോതില്‍ ലഹരിമരുന്നും ക്രിപ്റ്റോകറന്‍സിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു.

1,127 എല്‍സ്ഡി സ്റ്റാംപുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും എന്‍സിബി പിടിച്ചെടുത്തു. സംഘാംഗമായ മൂവാറ്റുപുഴ സ്വദേശിയെയും ഇയാളുടെ സഹായിയെയും പിടികൂടിയതായാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന 'കെറ്റാമെലന്‍' എന്ന ലഹരിമരുന്ന് കാര്‍ട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്‌മെന്റുകളാണ് ഡാര്‍ക്നെറ്റ് വഴി 'കെറ്റാമെലന്‍' സംഘം വില്‍പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി. ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളില്‍ നിന്നാണ് സംശയം ഉയര്‍ന്നത്. ഇതില്‍ 280 എല്‍എസ്ഡി സ്റ്റാംപുകള്‍ ഉണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പാഴ്സലുകള്‍ ബുക്ക് ചെയ്തതായി സംശയിക്കുന്ന വ്യക്തിയുടെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഡാര്‍ക്നെറ്റ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന 'കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം' അടങ്ങിയ പെന്‍ഡ്രൈവും ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ലഹരിമരുന്ന് ഇടപാടിന്റെ രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്നും എന്‍സിബി അറിയിച്ചു.