/kalakaumudi/media/media_files/2026/01/23/tw-2026-01-23-18-10-57.jpg)
കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേര്‍ന്നതോടെ സംഘടനയില്‍ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ ട്വന്റി ട്വന്റിയില്‍ നിന്ന് രാജിവെച്ചു.
രാജി വെച്ചവരെല്ലാം കോണ്‍ഗ്രസില്‍ ചേരുമെന്നുമാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി ട്വന്റി ട്വന്റിയെ മാറ്റിയെന്നും അടുത്തു തന്നെ കൂട്ടരാജികള്‍ ഉണ്ടാകുമെന്നും റസീന പരീത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡിഎ പ്രവേശനം ജനപ്രതിനിധികള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്നും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി ട്വന്റി പിരിച്ചുവിടുമെന്നായിരുന്നു ആദ്യ നിലപാടെന്നും റസീന പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് ട്വന്റി ട്വന്റിക്കാണ്. അല്ലാതെ, ട്വന്റി-ട്വന്റി പ്ലസ് ബിജെപി സഖ്യത്തിനായിരുന്നില്ല. ട്വന്റി ട്വന്റിയില്‍ അഭിപ്രായസ്വാതന്ത്രമില്ലെന്നും എന്‍ഡിഎയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് വ്യക്തമാക്കി.
ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നായിരുന്നു മുന്നണി പ്രവേശനത്തിനു പിന്നാലെ സാബു ജേക്കബ് ഇന്നലെ പ്രതികരിച്ചത്. തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് തങ്ങള്‍ എങ്ങനെ കേരളത്തെ മാറ്റിയെടുക്കുമെന്ന് കാട്ടിക്കൊടുക്കാനാണ് എന്‍ഡിഎയോടൊപ്പം ചേര്‍ന്നതെന്നും കഴിഞ്ഞ 14 വര്‍ഷക്കാലമായി കേരളത്തിന്റെ വികസനത്തിനു വേണ്ടി ട്വന്റി ട്വന്റി മാതൃകാപരമായ കാര്യങ്ങള്‍ നടപ്പിലാക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
