നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതിലൂടെ നടന്നത് വന്‍ അട്ടിമറി

റാങ്ക് ലിസ്റ്റ് റദ്ദാക്കി, പുനര്‍മൂല്യനിര്‍ണയം നടത്തണം; സൈലം സുപ്രീം കോടതിയിലേക്ക് 

author-image
Rajesh T L
New Update
xylem
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കോഴിക്കോട്: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയില്‍ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വന്‍ തിരിമറികള്‍ നടന്നുവെന്ന ആക്ഷേപം രാജ്യത്തൊട്ടാകെ ഉയരുമ്പോള്‍,  ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റാങ്ക് ലിസ്്റ്റ് റദ്ദ് ചെയ്ത് പുനര്‍ മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട്  പ്രമുഖ എന്‍ട്രന്‍സ് പരിശീന കേന്ദ്രമായ സൈലം സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്നു. കോഴിക്കോട്ട് വളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സൈലം  ഡയറക്ടര്‍ ലിജീഷ് കുമാര്‍, ഗീതാ പ്രസാദ് (അക്കാദമിക് ഹെഡ് - സൈലം), മുഹമ്മദ് ജാബിര്‍ (അക്കാദമിക് മാനേജര്‍ - സൈലം) ഫമീല്‍ മുഹമ്മദ് (ഓണ്‍ലൈന്‍ അക്കാദമിക് കോ ഓഡിനേറ്റര്‍ - സൈലം) എന്നിവര്‍  നീറ്റ് പരീക്ഷയില്‍ സംഭവിച്ച വന്‍ ക്രമക്കേടുകള്‍ വിവരിച്ചത്.

180 ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരമെഴുതാന്‍ നീറ്റ് ക്വസ്റ്റിയന്‍പേപ്പറിലുള്ളത്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയുത്തരമെഴുതുന്ന കുട്ടിക്ക് ഒരു ചോദ്യത്തിന് നാല് മാര്‍ക്ക് എന്ന രീതിയില്‍ ലഭിക്കാവുന്ന മാക്സിമം മാര്‍ക്കാണ് 720. ഒരു ചോദ്യം ഒരു കുട്ടി ഒഴിവാക്കിയാല്‍ നാല് മാര്‍ക്ക് കുറഞ്ഞ് 716 മാര്‍ക്കാകും,.  ഒരു ചോദ്യത്തിന് തെറ്റുത്തരമാണ് എഴുതിയതെങ്കില്‍ നെഗറ്റീവ് മാര്‍ക്ക് കൂടി ചേര്‍ത്ത്് അഞ്ച് മാര്‍ക്കിന്റെ കുറവ് വരും. ആ കുട്ടിക്ക് 715 മാര്‍ക്കാണ് കിട്ടുക. അതായത് ഒന്നാം റാങ്കായ 720 കഴിഞ്ഞാല്‍ അടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 ആയിരിക്കണം. അതിന് പകരം ഇത്തവണ നീറ്റ് എക്സാമിന്റെ റാങ്ക് പട്ടികയില്‍ 719ഉം 718ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശദീകരണം. ഇങ്ങനെയൊരു ഗ്രേസ് മാര്‍ക്ക് ഇന്നോളം നീറ്റ് പരീക്ഷയില്‍ നല്‍കിയ ചരിത്രമില്ലെന്ന് സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ പറഞ്ഞു.

ഈ വര്‍ഷം 720ല്‍ 720 മാര്‍ക്കും നേടി ഒന്നാം റാങ്കിലെത്തിയത് 67 കുട്ടികളാണ്. ഇതില്‍ 47 കുട്ടികളും ഗ്രേസ് മാര്‍്ക്കിലൂടെ ഒന്നാം റാങ്കില്‍ കയറിപ്പറ്റിയവരാണ്. സാധാരണ വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഒന്നും രണ്ടും റാങ്കുകള്‍ ലഭിക്കാറുള്ളത്. ഈ തവണത്തെ 67 ഒന്നാം റാങ്കുകള്‍ ഒരത്ഭുതം തന്നെയാണ്. രാജ്യത്തെ ചില പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാം റാങ്ക് ലഭിച്ചവരുടെ എണ്ണം എട്ടുവരേയാണ്. പരീക്ഷയ്ക്ക് മുമ്പ് ചില ടെലഗ്രാം ചാനലുകളില്‍ ക്വസ്റ്റ്യന്‍ പേപ്പര്‍ ലീക്കായിരുന്നു എന്നും ആരോപണമുണ്ടായിരുന്നു. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ക്വസ്റ്റ്യന്‍ പേപ്പര്‍ കണ്ടെത്തിയെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതെല്ലാം ആശങ്കപ്പെടുത്തുന്നതാണ്.

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നത് എന്നാണ് എന്‍ടിഎയുടെ ആദ്യ വിശദീകരണം. പിന്നീട് അവര്‍ പറഞ്ഞത് പരീക്ഷ വൈകിത്തുടങ്ങിയ സെന്ററുകളിലെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സമയത്തിന് പകരവും ഗ്രേസ് മാര്‍ക്ക് കൊടുത്തിട്ടുണ്ട് എന്നാണ്. വിചിത്രമായ വിശദീകരണമാണിത്. വൈകി നടത്തി അതിന് പകരം ഗ്രേസ് മാര്‍ക്ക് കൊടുക്കേണ്ട പരീക്ഷയല്ല ഇത്...നഷ്ടപ്പെട്ട സമയത്തിന് മുഴുന്‍ മാര്‍ക്കും ഗ്രേസ് മാര്‍ക്കായി കൊടുക്കുകയാണെങ്കില്‍ ആര്‍ക്കൊക്കെ എന്‍ടിഎ ഇത് കൊടുക്കും? ആരുടെയെല്ലാം സമയമാണ് നഷ്ടപ്പെട്ടത് എന്ന് എന്‍ടിഎ എങ്ങനെയാണ് കണ്ടെത്തുക? പരാതിപ്പെട്ട കുട്ടികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് കൊടുത്തതെങ്കില്‍ നിങ്ങള്‍ പരാതി നല്‍കിയാല്‍  ഗ്രേസ് മാര്‍ക്ക് തരാം എന്ന് എന്‍ടിഎ ഈ കുട്ടികളോട് പറഞ്ഞിരുന്നോ തുടങ്ങി കാതലായ ചോദ്യങ്ങളാണ് സൈലം അധികൃതര്‍ ഉയര്‍ത്തുന്നത്.

വൈകി പരീക്ഷ  തുടങ്ങിയെന്നതിന്റെ പേരില്‍  ഗ്രേസ് മാര്‍ക്ക് വാങ്ങി ഉയര്‍ന്ന റാങ്കിലെത്തിയ കുട്ടികള്‍ ശരിക്കും ഉത്തരങ്ങളെഴുതിയ കുട്ടികളേക്കാള്‍ മുകളിലെത്തിയിരിക്കുകയാണ്. ഇത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചക്ക്പോലും കാരണമാകും. അതുകൊണ്ട് ഇപ്പോള്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കി പകരം പുനര്‍ മൂല്യനിര്‍ണയം നടത്തി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് സൈലം ആവശ്യപ്പെട്ടിരിക്കുന്നത്.

 

neet exam