ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളം കളി ഈ മാസം 28ന് നടക്കും. നെഹ്‌റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഈ മാസം 28ന് ജലമേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിക്കുകയായിരുന്നു. വള്ളം കളി നടത്തുന്നതിലെ അനിശ്ചിതത്വം ബോട്ട് ക്ലബ്ബുകളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പലരും ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയിരിക്കെ വള്ളം കളി എത്രയും വേഗം നടത്തണമെന്നായിരുന്നു ആവശ്യം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക. ചാമ്പ്യന്‍സ് ബോട്ട് ലീഗും നടത്തണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ ഗ്രാന്റ് തുക തന്നെ നല്‍കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി തിങ്കളാഴ്ച കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്‍ടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് വള്ളംകളി സംരക്ഷണസമിതിയ്ക്ക് കളക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് യോഗം ചേര്‍ന്ന് 28ന് തന്നെ വള്ളം കളി നടത്താന്‍ തീരുമാനിച്ചത്. തീയതി പ്രഖ്യാപനത്തിനൊപ്പം സിബിഎല്‍ (ചാമ്പ്യന്‍സ് ബോട്ട് ലീഗ്) നടത്തണം, ഗ്രാന്‍ഡ് തുക വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ട് വെച്ചിരുന്നു.