/kalakaumudi/media/media_files/2025/01/28/2w2XXwzcSAF8fPWRBsWj.jpg)
Nenmara
പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച്ചയില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്. പൊലീസ് സ്റ്റേഷനുമുന്നില്‍ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയെല്ലാം വിട്ടയച്ചതോടെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ അയഞ്ഞു.
നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൊല ചെയ്തത് ചെന്താമരയാണെങ്കില്‍ കൊലയ്ക്ക് അവസരമൊരുക്കിയത് നെന്മാറ സിഐ ആണ്.
പരാതിയുണ്ടായിട്ടും പ്രതിയെ തലോടി വിട്ടത് എന്തിനെന്ന് പൊലീസ് വ്യക്തമാക്കണം. ജാമ്യവ്യവസ്ഥ ലംലിച്ച് പ്രതിയെത്തിയത് പൊലീസിന്റെ പ്രതിയോടുള്ള വിധേയത്വം കൊണ്ടാണ്. പൊലീസിന് നല്‍കുന്ന പണം കൊണ്ട് നാല് കോലം കെട്ടിവെക്കുന്നതാണ് നല്ലത്. കൊലയാളികളുടെ കയ്യിലേക്ക് മനുഷ്യരെ പിച്ചിച്ചീന്താന്‍ ആയുധം കൊടുക്കുന്നതാണ് പൊലീസിന് നല്ലത്. അനാഥത്വം പേറുന്ന കുട്ടികള്‍ക്ക് എന്ത് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുകയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം, നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നു. സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തില്‍. ഇതാണ് മരണത്തിന് കാരണമായത്.
അതേസമയം, ഇന്നലെ നടന്ന കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതി ചെന്താമരയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. തിരുപ്പൂരിലെ ബന്ധുവീട്ടില്‍ പ്രതി എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന വരെ നടന്നിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്‌കാരം ഇന്ന് നടക്കും.