തിരുവനന്തപുരം: ഗൂഗിളില്‍ തിരയുമ്പോള്‍ കിട്ടുന്ന വിവിധ കമ്പനികളുടെ അടക്കം കസ്റ്റമര്‍ കെയര്‍ നമ്പറിന്റെ മറവിലും തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്. ഗൃഹോപകരണങ്ങള്‍, മൊബൈല്‍, ഇലക്ട്രിക് ഉത്പന്നങ്ങള്‍ എന്നിവ തകരാറിലാകുമ്പോഴും സേവനങ്ങള്‍ തടസപ്പെടുമ്പോഴും ഗൂഗിളില്‍ തെരയുമ്പോള്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന കസ്റ്റമര്‍ കെയര്‍ നമ്പര്‍ പലപ്പോഴും തട്ടിപ്പുകാരുടേതായിരിക്കുമെന്ന് സൈബര്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇവയിലേയ്ക്ക് വിളിക്കുമ്പോള്‍ വിശ്വസനീയമായ തരത്തില്‍ തകരാര്‍ പരിഹരിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുകയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് നമ്പര്‍, വണ്‍ടൈം സെക്യൂരിറ്റി കോഡ് തുടങ്ങിയ രഹസ്യവിവരങ്ങള്‍ ചോദിച്ചറിയും.ഇതിലൂടെ പണം തട്ടും. കൂടുതല്‍ അന്വേഷണത്തിനായി ഗൂഗിള്‍ ഫോം അയച്ചു നല്‍കും. ഇത് തുറക്കുമ്പോള്‍ സ്വകാര്യവിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.
പലപ്പോഴും ഗൂഗിളില്‍ ആദ്യം നല്‍കിയിരിക്കുന്ന നമ്പറുകള്‍ തട്ടിപ്പുകാര്‍ പരസ്യത്തിലൂടെയോ പെയ്ഡ് സ്‌പോണ്‍സറിംഗിലൂടെയോ സൃഷ്ടിച്ചവയാകും. അല്ലെങ്കില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് ലിസ്റ്റ് ചെയ്യുന്നവയായിരിക്കും. ഗൂഗിള്‍ മാപ്പിലെ കോണ്‍ടാക്ട് വിവരങ്ങള്‍ തിരുത്തി ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ നമ്പര്‍ മാറ്റിയും തട്ടിപ്പ് നടത്തുന്നവരുമുണ്ട്്. സെര്‍ച്ച് എന്‍ജിനുകള്‍ക്ക് പുറമേ ഇ-മെയില്‍, മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴിയും വ്യാജനമ്പറുകള്‍ എത്തിക്കാറുണ്ട്. കസ്റ്റമര്‍ കെയര്‍ നമ്പര്‍ തേടി ആദ്യമേ ഗൂഗിളില്‍ തെരയുന്നത് ഒഴിവാക്കണമെന്ന് സൈബര്‍ പൊലീസ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഉപകരണത്തിന്റെ വാറന്റി കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിക്കുകയോ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള നമ്പര്‍ ഉപയോഗിക്കുകയോ വേണം. ആപ്പിള്‍ അടക്കമുള്ള കമ്പനികളുടെയും ബാങ്കുകളുടെയും വ്യാജ നമ്പറുകള്‍വരെ സൈറ്റുകളിലുണ്ട്. ഇത് നീക്കാന്‍ ഗൂഗിള്‍ ഇടയ്ക്കിടെ ക്ലീന്‍ ഡ്രൈവ് നടത്തുമെങ്കിലും വീണ്ടും തട്ടിപ്പുകാര്‍ രംഗത്തെത്തും എന്നതാണ് വസ്തുത.